വാഷിങ്ടൺ: ഇറാനെതിരെ കൃത്യമായ സൈനിക ആക്രമണങ്ങൾ ഉൾപ്പെടുന്ന വിവിധ ഓപ്ഷനുകൾ യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരിഗണിക്കുന്നതായി റിപ്പോർട്ട്. സുരക്ഷാ സേനാ കമാൻഡർമാരെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തി പ്രതിഷേധക്കാർക്ക് ആത്മവിശ്വാസം നൽകുകയും, അതുവഴി ഭരണകൂടമാറ്റത്തിന് വഴിയൊരുക്കുകയുമാണ് ലക്ഷ്യമെന്ന് വിഷയത്തിൽ അറിവുള്ള നിരവധി വൃത്തങ്ങൾ റോയിട്ടേഴ്സിനോട് പറഞ്ഞു.
ഈ മാസം ആദ്യം ഇറാനിൽ പൊട്ടിപ്പുറപ്പെട്ട രാജ്യവ്യാപക പ്രതിഷേധങ്ങൾ കനത്ത അടിച്ചമർത്തലിലൂടെ തകർത്തതിനെ തുടർന്ന് ‘റജീം ചെയ്ഞ്ച്’ എന്ന ലക്ഷ്യത്തോടെ ട്രംപ് നീങ്ങുന്നതായി രണ്ട് അമേരിക്കൻ വൃത്തങ്ങൾ വ്യക്തമാക്കി. പ്രതിഷേധങ്ങൾക്കിടയിൽ ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കങ്ങൾ.
സൈനിക ഓപ്ഷനുകൾ ചർച്ചയിൽ
പ്രതിഷേധങ്ങൾ അടിച്ചമർത്താൻ ഉത്തരവാദികളെന്ന് വാഷിങ്ടൺ കരുതുന്ന കമാൻഡർമാരെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത് ചർച്ചയിലുണ്ട്. ഇതിലൂടെ സർക്കാർ-സുരക്ഷാ കെട്ടിടങ്ങൾ കൈയ്യടക്കാൻ പ്രതിഷേധക്കാർക്ക് ധൈര്യം ലഭിക്കുമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടൽ. എന്നാൽ സൈനിക വഴിയിലേക്കോ അല്ലയോ എന്നതിൽ ട്രംപ് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഒരു യു.എസ്. ഉദ്യോഗസ്ഥൻ പറഞ്ഞു.
ട്രംപിന്റെ ഉപദേഷ്ടാക്കൾ പരിഗണിക്കുന്ന മറ്റൊരു മാർഗം, മിഡിൽ ഈസ്റ്റിലെ യുഎസ്. സഖ്യരാജ്യങ്ങളെ എത്തിപ്പിടിക്കാനാകുന്ന ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികളെയോ ആണവ സമ്പുഷ്ടീകരണ സംവിധാനങ്ങളെയോ ലക്ഷ്യമിട്ട് വലിയ തോതിലുള്ള ആക്രമണമാണ്. മിസൈൽ നിയന്ത്രണങ്ങളിൽ ചർച്ചയ്ക്ക് ഇറാൻ തയ്യാറല്ലെന്ന നിലപാടും റിപ്പോർട്ടിൽ പറയുന്നു.
സൈനിക സാന്നിധ്യം വർധിപ്പിച്ച് അമേരിക്ക
ഈ ആഴ്ച യു.എസ്. വിമാനവാഹിനിയും അനുബന്ധ യുദ്ധക്കപ്പലുകളും മിഡിൽ ഈസ്റ്റിലെത്തിയത് സൈനിക ഇടപെടലിനുള്ള ട്രംപിന്റെ ശേഷി വർധിപ്പിച്ചിട്ടുണ്ട്. ഇറാന്റെ അടിച്ചമർത്തലിനെതിരെ ഇടപെടുമെന്ന് ട്രംപ് മുൻപും ഭീഷണി മുഴക്കിയിരുന്നു.
വ്യോമാക്രമണം മാത്രം മതിയാകില്ല: ഇസ്രായേൽ
ഇസ്രായേലിന്റെയും അറബ് രാജ്യങ്ങളുടെയും ഉദ്യോഗസ്ഥർ വ്യോമാക്രമണം മാത്രം കൊണ്ട് ഇറാനിലെ മതാധിഷ്ഠിത ഭരണകൂടത്തെ തകർക്കാനാകില്ലെന്ന് അമേരിക്കയ്ക്കു മുന്നറിയിപ്പ് നൽകി. “ഭരണകൂടം വീഴ്ത്തണമെങ്കിൽ കരസേന വിന്യാസം അനിവാര്യമാകും,” ഒരു മുതിർന്ന ഇസ്രായേൽ ഉദ്യോഗസ്ഥൻ പറഞ്ഞു. സുപ്രീം ലീഡർ ആയത്തൊല്ല അലി ഖാമനെയെ നീക്കിയാലും പുതിയ നേതൃത്വം ഉയർന്നുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം അമേരിക്കൻ ആക്രമണം പ്രതിഷേധങ്ങളെ ശക്തിപ്പെടുത്തുന്നതിന് പകരം ഇതിനകം കനത്ത അടിച്ചമർത്തലിൽ ഞെട്ടിയ ജനകീയ പ്രസ്ഥാനത്തെ കൂടുതൽ ദുർബലമാക്കുമെന്ന് അറബ് ഉദ്യോഗസ്ഥരും പാശ്ചാത്യ ഡിപ്ലോമാറ്റുകളും ആശങ്ക പ്രകടിപ്പിച്ചു. ഇറാനിലെ അസ്ഥിരത മേഖലയാകെ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും, ഹോർമൂസ് കടലിടുക്ക് ഉൾപ്പെടെ ആഗോള ഊർജവിതരണത്തെ ബാധിക്കാമെന്നുമാണ് മുന്നറിയിപ്പ്.
മാത്രമല്ല ഇറാൻ ആണവ പദ്ധതി സമാധാനപരമാണെന്ന് ആവർത്തിച്ചിട്ടുണ്ടെങ്കിലും, സമ്മർദ്ദം വർധിച്ചാൽ ഇതുവരെ കാണാത്ത വിധം പ്രതികരിക്കുമെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാൻ ദൗത്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

















































