വാഷിങ്ടൺ: ഗാസയിൽ വരും നാളുകൾ സമാധാനത്തിന്റേതാണെന്ന പ്രതീക്ഷയേകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ച. യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് മുന്നോട്ട് വെച്ച 20 നിർദേശങ്ങൾ നെതന്യാഹു അംഗീകരിച്ചു. നിർദ്ദേശങ്ങൾ പരിശോധിച്ച് ഹമാസും നിലപാടറിയിക്കും. പക്ഷെ പദ്ധതി ഹമാസ് നിരസിച്ചാൽ ഇസ്രയേൽ ജോലി പൂർത്തിയാക്കും. അതിനു അമേരിക്ക പിൻതുണയ്ക്കുമെന്നും ട്രംപ് വെല്ലുവിളിച്ചു.
നെതന്യാഹുവിന്റെ ചെല്ലപ്പേരായ ബിബി എന്ന പേര് വിളിച്ചാണ് ട്രംപ് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചത്. ‘പ്രധാനമന്ത്രി നെതന്യാഹുവിന് പലസ്തീൻ രാഷ്ട്രത്തെ എതിർക്കുന്നതിന് കൃത്യമായ ധാരണയുണ്ട്. ഒരുപാട് കാര്യങ്ങളിൽ അദ്ദേഹത്തിന്റെ നിലപാടിനെ ഞാൻ മനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഇന്ന് അദ്ദേഹം ചെയ്യുന്നത് ഇസ്രയേലിന്റെ നല്ലതിനാണ്’. പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച മറ്റു രാജ്യങ്ങളുടെ നടപടിയെ അവിവേഗമെന്നും ട്രംപ് കുറ്റപ്പെടുത്തി.
ഗാസയിൽ യുദ്ധം അവസാനിപ്പിക്കുന്നതിന് അടുത്താണ് തങ്ങളുള്ളതെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപും നെതന്യാഹുവും നടത്തിയ വാർത്താ സമ്മേളനത്തിൽ ട്രംപിന്റെ പ്രതികരണം. അതുപോലെ സമാധാനത്തിന്റെ ചരിത്ര ദിനമെന്നായിരുന്നു കൂടിക്കാഴ്ച നടന്ന ദിനത്തെ ട്രംപ് മാധ്യമങ്ങൾക്കു മുന്നിൽ വിശേഷിപ്പിച്ചത്. ഹമാസും നിർദേശങ്ങൾ പിന്തുടരാൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് കൂട്ടിച്ചേർത്തു. ഹമാസ് പദ്ധതി അംഗീകരിച്ചില്ലെങ്കിൽ നെതന്യാഹു എന്താണ് തീരുമാനിക്കുന്നത് അതിന് പിന്തുണ നൽകുമെന്നും ട്രംപ് പറഞ്ഞു.
ചർച്ചയ്ക്കായി ട്രംപ് മുന്നോട്ടുവച്ച 20 ഇന പദ്ധതികൾ ഇസ്രയേൽ അംഗീകരിക്കുകയായിരുന്നു. ഇതുപ്രകാരം ഇരുവിഭാഗവും കരാർ അംഗീകരിച്ചാൽ യുദ്ധം ഉടൻ അവസാനിക്കും. ഇസ്രയേൽ പ്രത്യക്ഷമായി കരാർ അംഗീകരിച്ച് 72 മണിക്കൂറിനകം മുഴുവൻ ബന്ദികളെയും ഹമാസ് മോചിപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നു. അതുപോലെ ഗാസയുടെ പുനർനിർമാണത്തിന് ട്രംപിന്റെ അധ്യക്ഷതയിൽ ഇടക്കാല രാജ്യാന്തര സമിതി രൂപീകരിക്കും. സൈനിക നടപടികൾ അവസാനിപ്പിക്കുക, ഗാസയിലേക്ക് ഉടനടി സഹായം എത്തിക്കുകയെന്നതും നിർദേശത്തിൽ ഉൾപ്പെടുന്നു.
‘ഹമാസിനും മറ്റ് ഭീകരസംഘടനകൾക്കും സമിതിയിലോ, ഗാസയുടെ ഭാവി ഭരണത്തിലോ നേരിട്ടോ അല്ലാതെയോ, ഒരു നിലയിലും യാതൊരു പങ്കും ഉണ്ടാകില്ല. ഗാസയിലെ സഹായവിതരണം യുഎൻ, റെഡ് ക്രസന്റ് ഉൾപ്പെടെ ഏജൻസികൾ വഴി നടത്തും. ഇസ്രയേൽ സൈന്യം ഗാസയിൽ നിന്ന് ഘട്ടംഘട്ടമായി പിന്മാറും. പലസ്തീൻ പ്രദേശങ്ങൾ താൽക്കാലികമായി ഭരിക്കുന്നതിന് നോൺ-പൊളിറ്റിക്കൽ സമിതി രൂപീകരിക്കും’.
അതുപോലെ ഗാസ വിട്ടുപോകാൻ ആരെയും നിർബന്ധിക്കില്ലെന്നും എന്നാൽ പോകാൻ തീരുമാനിക്കുന്നവരെ അതിന് അനുവദിക്കുമെന്നും നിർദേശത്തിൽ പറയുന്നു. എന്നിരുന്നാലും മുനമ്പിൽ നിൽക്കാൻ തന്നെ ഗാസക്കാരെ പ്രേരിപ്പിക്കും. അവിടെ നല്ലൊരു ഭാവി കെട്ടിപ്പടുക്കാനുള്ള അവസരം നൽകുമെന്നും പദ്ധതിയിൽ പറയുന്നു. അയൽരാജ്യങ്ങൾക്ക് ഭീഷണിയില്ലാത്ത തീവ്രവാദ വിമുക്ത മേഖലയായി ഗാസ മാറും. ഗാസയെ പുനർ വികസിപ്പിക്കും. എല്ലാ ബന്ദികളെയും ഹമാസ് വിട്ടയച്ചാൽ 250 ജീവപര്യന്തം തടവുകാരെയും 2023 ഒക്ടോബർ ഏഴിന് ശേഷം തടവിലാക്കിയ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള 1700 ഗാസക്കാരെയും ഇസ്രയേൽ കൈമാറും. ബന്ദികൾ മോചിക്കപ്പെട്ടാൽ ഹമാസ് ആയുധങ്ങൾ ആംനസ്റ്റിക്ക് കൈമാറണം’, നിർദേശത്തിൽ പറയുന്നു.
തങ്ങളുടെ യുദ്ധ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന ട്രംപിന്റെ നിർദ്ദേശത്തെ പിന്തുണക്കുന്നുവെന്ന് നെതന്യാഹുവും പ്രതികരിച്ചു. എന്നാൽ ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ നിർദേശങ്ങൾ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു ഹമാസ് പ്രതിനിധി മഹ്‌മൂദ് മർദാവി അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറയോട് പറഞ്ഞത്. അതേസമയം ചർച്ചകൾക്കിടയിലും ആക്രമണം തുടരുകയാണ് ഇസ്രയേൽ. കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ 39 പേർ കൂടി കൊല്ലപ്പെട്ടു.