വാഷിങ്ടൺ: പൊതു ചർച്ചയ്ക്കിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പച്ചത്തെറി (He is F***g Me) വിളിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹമാസ് നേതാക്കളെ വധിക്കാൻ ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനു തൊട്ടുപിന്നാലെ ഖത്തർ ആക്രമണത്തോട് എങ്ങനെ പ്രതികരിക്കണം എന്നറിയാൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുമ്പോഴാണ് ട്രംപിന്റെ ഈ പരാമർശം വന്നതെന്ന് ദി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.
കലികയറിയ ട്രംപ് ‘അയാളെന്ത് മറ്റേ പണിയാണ് കാണിച്ചത്’ എന്നു യോഗത്തിൽ ചോദിച്ചതായി റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല ഇറാൻ, ലബനൻ, സിറിയ, യെമൻ, ഖത്തർ എന്നിവിടങ്ങളിൽ ഇസ്രയേൽ നടത്തുന്ന സൈനിക നീക്കങ്ങളിൽ ട്രംപിന്റെ ക്ഷമ നശിച്ചുതുടങ്ങിയതായും റിപ്പോർട്ട്. എന്നാൽ നെതന്യാഹുവിനോട് ട്രംപിന് അതൃപ്തിയുണ്ടെങ്കിലും പരസ്യമായി അകലം പാലിക്കാൻ സാധ്യതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം അമേരിക്കയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്ക് വിരുദ്ധമാണെന്ന് തോന്നുമ്പോൾ പോലും നെതന്യാഹുവിന്റെ പല തീരുമാനങ്ങളേയും പൊതുവെ ട്രംപ് അംഗീകരിക്കുന്നുണ്ട്. മാത്രമല്ല ഗാസയിലെ ആക്രമണം അവസാനിപ്പിക്കാൻ ഇസ്രയേലിനുമേൽ സമ്മർദ്ദം ചെലുത്താൻ ട്രംപ് തയ്യാറായിട്ടുമില്ലെന്നത് മറ്റൊരു വസ്തുത.
ഇസ്രയേലിന്റെ നയങ്ങളെ വിമർശിക്കാൻ ട്രംപ് ഇത്തരമൊരു മോശം വാക്ക് ഉപയോഗിക്കുന്നത് ഇത് രണ്ടാം തവണയാണ്. ഇറാന്റെ ആണവപദ്ധതി തകർക്കാൻ ഇസ്രയേൽ നടത്തിയ ആക്രമണത്തിനു ശേഷം ജൂണിൽ ഇസ്രയേലും ഇറാനും തമ്മിൽ വെടിനിർത്തലിന് യുഎസ് മധ്യസ്ഥത വഹിച്ചിരുന്നു. അതിനുശേഷം ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്, ഇരുരാജ്യങ്ങളും ‘വളരെക്കാലമായി കഠിനമായി പോരാടുകയാണ്. അവർ എന്ത് പണിയാണ് ചെയ്യുന്നതെന്ന് അവർക്ക് തന്നെ അറിയില്ല’ (they don’t know what the f*** they’re doing) എന്നാണ്.
ഇസ്രയേലിൻരെ ആക്രമണത്തിൽ യുഎസ് അതൃപ്തി രേഖപ്പെടുത്തി. ട്രംപ് രോഷാകുലനായി നെതന്യാഹുവുമായി ഫോൺ സംഭാഷണം നടത്തിയെന്നും, ആക്രമണത്തെക്കുറിച്ച് യുഎസിനെ മുൻകൂട്ടി അറിയിക്കാത്തതിലുള്ള നിരാശ പ്രകടിപ്പിച്ചെന്നും ഖത്തറിനെ ആക്രമിക്കാനുള്ള തീരുമാനം ‘വിവേകപൂർണ്ണമായിരുന്നില്ല’ എന്ന് പറഞ്ഞതായും മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ വാൾ സ്ട്രീറ്റ് ജേണലിനോട് പറഞ്ഞു.
പക്ഷെ ആക്രമണത്തിന് മുമ്പ് ട്രംപുമായി നെതന്യാഹു സംസാരിച്ചിരുന്നതായും വ്യോമാക്രമണത്തെക്കുറിച്ച് യുഎസിന് അറിയാമായിരുന്നുവെന്ന് ആക്‌സിയോസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മിസൈലുകൾ തൊടുത്തുവിട്ടതിന് ശേഷം മാത്രമാണ് തങ്ങളെ അറിയിച്ചതെന്നും ആക്രമണത്തെ എതിർക്കാൻ ട്രംപിന് അവസരം ലഭിച്ചില്ലെന്നാണ് വൈറ്റ് ഹൗസ് അവകാശപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ, ട്രംപും ഉന്നത യുഎസ് ഉദ്യോഗസ്ഥരും ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയിൽ ഇസ്രയേൽ ഇനി ഖത്തറിന്റെ മണ്ണിൽ ആക്രമണം നടത്തില്ലെന്ന് ഉറപ്പ് നൽകുകയും ചെയ്തു.