ന്യൂയോർക്ക്: ആഭ്യന്തര യുദ്ധത്തിൽ തകർന്ന സിറിയയുടെ പുനർനിർമിക്കാൻ വേണ്ട സഹായം നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സിറിയയ്ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചതോടെയാണ് സഹായ ഹസ്തം ട്രംപ് നീട്ടിയത്. വികസനത്തിലേക്കുള്ള വാതിൽ തുറന്നെന്ന് സിറിയൻ ഭരണകൂടം പ്രതികരിച്ചു.
സുപ്രധാന ഉത്തരവിൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. തീരുമാനം സിറിയയെ സമാധാന പാതയിലേക്ക് നയിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. ഇക്കഴിഞ്ഞ മെയിൽ റിയാദിൽ നടന്ന സൗദി-യുഎസ് നിക്ഷേപ ഉച്ചകോടിയിൽ വെച്ച് സിറിയക്കെതിരായ എല്ലാ ഉപരോധങ്ങളും നീക്കുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻറെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെ യുഎസ് വിദേശകാര്യ സെക്രട്ടറി സിറിയൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.