വാഷിങ്ടൺ: യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്‌കി വിചാരിച്ചാൽ റഷ്യയുമായുള്ള അവരുടെ യുദ്ധം അവസാനിപ്പിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൂടാതെ യുക്രൈന് നാറ്റോയിൽ പ്രവേശനം നൽകില്ലെന്ന് വ്യക്തമാക്കിയ ട്രംപ് സെലൻസ്‌കിയോട് ക്രിമിയൻ ഉപദ്വീപ് ഉപേക്ഷിക്കണമെന്നും ട്രൂത്ത് സോഷ്യലിലൂടെ ആവശ്യപ്പെട്ടു.
അതേസമയം സെലെൻസ്‌കിയുമായി വൈറ്റ്ഹൗസിൽ ഇന്ന് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് യുഎസ് പ്രസിഡന്റിന്റെ പ്രതികരണം. 2014-ലാണ് റഷ്യ യുക്രൈനിൽനിന്ന് ക്രിമിയ പിടിച്ചെടുത്തത്. ‘യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കിക്ക് വേണമെങ്കിൽ റഷ്യയുമായുള്ള യുദ്ധം ഉടനടി അവസാനിപ്പിക്കാം, അല്ലെങ്കിൽ അദ്ദേഹത്തിന് പോരാട്ടം തുടരാം. ഇതെങ്ങനെയാണ് തുടങ്ങിയതെന്ന് ഓർക്കുക. ഒബാമ നൽകിയ ക്രിമിയ തിരികെ ലഭിക്കില്ല (12 വർഷം മുൻപ്, ഒരു വെടി പോലും ഉതിർക്കാതെ!), യുക്രൈൻ നാറ്റോയിൽ ചേരുകയുമില്ല. ചില കാര്യങ്ങൾ ഒരിക്കലും മാറില്ല’ ട്രംപ് കുറിച്ചു.
അലാസ്‌കയിൽ വെള്ളിയാഴ്ച റഷ്യൻ പ്രസിഡന്റ് പുടിനുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് ട്രംപ് യുക്രൈനെതിരെ ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഉടൻ വെടിനിർത്തൽ എന്നതിനുപകരം നേരേ സമാധാന ഉടമ്പടിയുണ്ടാക്കുകയാണ് നല്ലതെന്ന് അലാസ്‌കയിൽനിന്ന് വാഷിങ്ടണിലേക്ക് മടങ്ങവേ ട്രംപ് പറഞ്ഞിരുന്നു. അന്തിമ ഉടമ്പടിയിൽ എത്തുംമുൻപ് കൂടുതൽ ചർച്ചകൾ വേണമെന്ന് പുടിനും പറഞ്ഞു. നാറ്റോയിൽ ചേരാനുള്ള യുക്രൈന്റെ ശ്രമങ്ങളെ തുടക്കം മുതലേ പുടിനും റഷ്യയും എതിർക്കുന്നുണ്ട്.
തിങ്കളാഴ്ച വാഷിങ്ടണിൽ സെലെൻസ്‌കിയുമായി ട്രംപ് നടത്തുന്ന ചർച്ചയിൽ യൂറോപ്യൻ നേതാക്കളും പങ്കെടുക്കുമെന്നാണ് വിവരം. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർത്സ്, നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെ, യൂറോപ്യൻ കമ്മിഷൻ അധ്യക്ഷ ഉർസുല ഫൊണ്ടെ ലെയ്ൻ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ഫിൻലൻഡ് പ്രസിഡന്റ് അലക്‌സാൻഡർ സ്റ്റബ്‌സ് തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.