നിലമ്പൂർ: രണ്ടു ദിവസത്തിനകം യുഡിഎഫ് തീരുമാനമെത്തിയില്ലെങ്കിൽ പിവി അൻവർ മത്സരിക്കാൻ തിരഞ്ഞെടുപ്പ് ഗോദയിലുണ്ടാകുമെന്ന് തൃണമൂൽ കോൺഗ്രസ്. യുഡിഎഫ് മുന്നണിയിൽ എടുത്തില്ലെങ്കിൽ പി വി അൻവർ മത്സരരംഗത്തുണ്ടാകുമെന്ന് നേതാക്കൾ വ്യക്തമാക്കി. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് വിഷയത്തിൽ രണ്ട് ദിവസത്തിനകം യുഡിഎഫ് തീരുമാനമെടുക്കണമെന്നും നേതൃത്വം വ്യക്തമാക്കി.
അസോസിയേഷൻ ഒന്നും ഇനി പ്രായോഗികമല്ല. ഘടകക്ഷിയായി പരിഗണിക്കണം. അല്ലെങ്കിൽ ഞങ്ങൾ മത്സരരംഗത്തുണ്ടാകും. ജയിക്കാനായുള്ള സാഹചര്യം സൃഷ്ടിക്കും. അപ്പോൾ പിന്നെ ആര്യാടൻ ഷൗക്കത്തിന് വിജയസാധ്യതയുണ്ടോയെന്ന് ഞങ്ങൾക്ക് നോക്കേണ്ട കാര്യമില്ലല്ലോ – തൃണമൂൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ എ സുകു പറഞ്ഞു.
അതുപോലെ ഒറ്റയ്ക്ക് മത്സരിച്ചാൽ തന്നെ തൃണമൂൽ കോൺഗ്രസ് വിജയിച്ചു വരുന്ന സാഹചര്യം നിലമ്പൂരിലുണ്ടെന്ന് നേതാക്കൾ പറയുന്നു. തൃണമൂൽ കോൺഗ്രസ് യുഡിഎഫിലെത്തിയാൽ യുഡിഎഫ് വിജയം ഉറപ്പാണ്. മുന്നണിയിലെടുക്കുമെന്ന് വി ഡി സതീശനടക്കം പലരും പറഞ്ഞിട്ടും അത് ചെയ്തില്ല. വഞ്ചനാപരമായ തീരുമാനമല്ലേ ഇത്. ഈ മണ്ഡലത്തിൽ മത്സരിച്ച് ജയിക്കാനുള്ള കരുത്തും ശേഷിയും തൃണമൂലിനുണ്ട്. മുന്നണി പ്രവേശം അനന്തമായി നീട്ടിക്കൊണ്ട് പോകാൻ സാധിക്കില്ല. മുന്നണിയിലെടുക്കുമെന്ന പ്രതീക്ഷയിലാണ് നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്തത്. ആവശ്യങ്ങൾ യുഡിഎഫ് നേതൃത്വത്തോട് പറയും – തൃണമൂൽ നേതാക്കൾ വ്യക്തമാക്കി.