വാഷിങ്ടൺ: ഇറാന്റെ സുപ്രീം നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ദശകങ്ങളോളം നീണ്ട ഭരണത്തിന് വിരാമം വേണമെന്ന് തുറന്നടിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട അക്രമങ്ങൾക്ക് ട്രംപ് ഉത്തരവാദിയാണെന്ന് ഖമേനി ആരോപിച്ചതിന് പിന്നാലെയാണ് വാഷിങ്ടൺ– ടെഹ്റാൻ തമ്മിലുള്ള വാക്കേറ്റം കടുപ്പമാകുന്നത്.
“ഇറാനിൽ പുതിയ നേതൃത്വത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്,- ട്രംപ് പറഞ്ഞു. ഖമേനിയുടെ എക്‌സ് അക്കൗണ്ടിലെ തുടർച്ചയായ കടുത്ത കുറിപ്പുകൾക്ക് മറുപടിയായാണ് ട്രംപിന്റെ പുതിയ പരാമർശം. ഖമേനിയുടെ കുറിപ്പുകളിൽ, പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കൊലപാതകത്തിനും അസ്ഥിരതയ്ക്കും യുഎസ് പ്രസിഡന്റ് ഉത്തരവാദിയാണെന്ന് ഖമേനി ആരോപിച്ചു.
ഇറാനിയൻ ജനതയ്‌ക്കെതിരെ ഉണ്ടായ മരണങ്ങൾക്കും കൊലപാതകങ്ങൾക്കും നാശനഷ്ടങ്ങൾക്കും അപവാദങ്ങൾക്കും യുഎസ് പ്രസിഡന്റിനെയാണ് തങ്ങൾ കുറ്റക്കാരനായി കാണുന്നത്. അക്രമാസക്ത ഗ്രൂപ്പുകളെ ഇറാനിയൻ ജനതയുടെ പ്രതിനിധികളായി ചിത്രീകരിക്കുന്നത് ഭീകരമായ അപവാദം ആണെന്നും അദ്ദേഹം ആരോപിച്ചു. യുഎസും ഇസ്രയേലും ചേർന്നാണ് അശാന്തി സൃഷ്ടിച്ചതെന്നും, തീ കൊളുത്തലും പൊതുസ്വത്തു നാശവും മനപ്പൂർവം നടത്തിയെന്നും ഖമേനി പറഞ്ഞു.
ഖമേനിയുടെ കുറിപ്പുകൾ വായിച്ചു കേട്ട ശേഷം, ഇറാന്റെ നേതൃത്വം ഭീതിയും അതിക്രമവും ആശ്രയിച്ചാണ് രാജ്യം ഭരിക്കുന്നതെന്ന് ട്രംപ് ആരോപിച്ചതായി പോളിറ്റിക്കോ റിപ്പോർട്ട് ചെയ്തു. “ഒരു രാജ്യത്തിന്റെ നേതാവെന്ന നിലയിൽ, രാജ്യത്തെ പൂർണമായും നശിപ്പിക്കുകയും, നിയന്ത്രണം നിലനിർത്താൻ ആയിരക്കണക്കിന് ആളുകളെ കൊല്ലുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ കുറ്റം. ഭരണം എന്നത് ബഹുമാനത്തെക്കുറിച്ചാണ്, ഭീതിയെയും മരണത്തെയും കുറിച്ച് അല്ല, അദ്ദേഹം കൂട്ടിച്ചേർത്തു.
ഖമേനി ഭരണം നടത്താൻ അയോഗ്യനാണെന്നും, രാജ്യം ശരിയായി ഭരിക്കാതെ ജനങ്ങളെ കൊല്ലുന്ന നേതാവാണെന്നും ട്രംപ് വ്യക്തിപരമായ വിമർശനം ഉന്നയിച്ചു. ഖമനയിയെ ഒരു രോഗി എന്ന് വിശേഷിപ്പിച്ച ട്രംപ്, മോശം നേതൃത്വത്തിന്റെ പേരിൽ ലോകത്ത് ജീവിക്കാൻ ഏറ്റവും മോശമായ സ്ഥലമാണ് അദ്ദേഹത്തിന്റെ രാജ്യം എന്നും ട്രംപ് പറഞ്ഞു. പ്രതിഷേധത്തിൽ പങ്കെടുത്ത രാജ്യദ്രോഹികളുടെ നട്ടെല്ല് ഒടിക്കുമെന്ന് ഖമനയി പ്രതിജ്ഞയെടുത്തതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
അതേസമയം ഡിസംബർ 28ന് സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്നാണ് ഇറാനിൽ പ്രതിഷേധങ്ങൾ ആരംഭിച്ചത്. പിന്നീട് അത് ഇസ്‌ലാമിക് റിപ്പബ്ലിക്കിലെ മതാധിപത്യ ഭരണം അവസാനിപ്പിക്കണമെന്ന ആവശ്യത്തിലേക്ക് പ്രതിഷേധം വ്യാപിച്ചു. മനുഷ്യാവകാശ സംഘടനകളുടെ കണക്കു പ്രകാരം കഴിഞ്ഞ മൂന്ന് ആഴ്ചകളിലായി ആയിരങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെ പ്രതിഷേധക്കാരെ വധശിക്ഷയ്ക്ക് വിധിച്ചാൽ “കഠിന നടപടി” സ്വീകരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളിയാഴ്ച സാമൂഹികമാധ്യമ പോസ്റ്റിലൂടെ, കൂട്ടത്തൂക്കിലേറ്റൽ പദ്ധതികൾ ഉപേക്ഷിച്ചതായി പറഞ്ഞ് ടെഹ്റാനെ ട്രംപ് നന്ദി അറിയിച്ചു. എന്നാൽ തൂക്കിലേറ്റൽ പദ്ധതിയൊന്നുമില്ലെന്നായിരുന്നു ഇറാന്റെ പ്രതികരണം.














































