കോട്ടയം: കോൺഗ്രസിന്റെ പോഷക സംഘടനയായ സംസ്കാര സാഹിതിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ തീരുമാനിച്ചത് ഇന്നലെയെന്ന് സംസ്കാര സാഹിതി ചെയർമാൻ സി.ആർ. മഹേഷ് എംഎൽഎ. ഭീഷണിപ്പെടുത്തിയും വിരട്ടിയുമാണ് ഇവരെയൊക്കെ സിപിഎമ്മിൽ പിടിച്ചുനിർത്തിയിരുന്നത്. നമ്മൾ ആർക്കും ഒരു ഓഫറും കൊടുത്തിട്ടില്ല. ഓഫർ നൽകി ആരെയും പിടിച്ചു കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും മഹേഷ് പറഞ്ഞു.
സംസ്കാര സാഹിതിയുടെ പരിപാടി മുൻകൂട്ടി നിശ്ചയിച്ചതായിരുന്നു. പ്രേംകുമാർ വേറൊരു പരിപാടിയുമായി ബന്ധപ്പെട്ട് ആ പ്രദേശത്ത് ഉണ്ടെന്ന് അറിഞ്ഞു. അങ്ങനെ നമ്മൾ അദ്ദേഹത്തെ വിളിച്ചു. ഇന്നലെയാണ് അദ്ദേഹത്തെ ബന്ധപ്പെടുന്നത്. പരിപാടിക്ക് രാഷ്ട്രീയ മാനം നൽകേണ്ട ആവശ്യമില്ല. കലയിൽ രാഷ്ട്രീയമില്ല. പക്ഷേ ഈ കാലഘട്ടത്തിൽ സംസ്കാരിക പ്രവർത്തനവും ഒരു രാഷ്ട്രീയ പ്രവർത്തനമാണ്.
ആലപ്പുഴയിൽ ഞങ്ങളുടെ തെക്കൻ മേഖല ക്യാംപ് ഉദ്ഘാടനം ചെയ്തത് ജി. സുധാകരനായിരുന്നു. ഇന്നത്തെ ഉദ്ഘാടകൻ കെ.സി. വേണുഗോപാൽ ആയിരുന്നുവെങ്കിലും അദ്ദേഹം പരിപാടിയിൽ എത്തില്ല. ചെന്നൈയിൽ ഒരു യോഗത്തിലേക്കു പോകേണ്ടതിനാലാണ് അദ്ദേഹത്തിനു വരാൻ പറ്റാതെ പോയത്. ജയൻ ചേർത്തല ആലപ്പുഴയിലെ ഞങ്ങളുടെ ക്യാംപിൽ വന്ന് പ്രസംഗിച്ചതാണ്. നമ്മളുമായി മാനസികമായി പൊരുത്തപ്പെട്ടാണ് അദ്ദേഹം അന്ന് അവിടെനിന്നു പോയത്. അന്നത്തെ പ്രസംഗമൊക്കെ ആ ലൈനിലായിരുന്നു.
കോൺഗ്രസിൽ സ്വാതന്ത്ര്യമെന്നു പറയുന്ന ഒന്നുണ്ടല്ലോ. അപ്പുറത്ത് അടിമത്തമല്ലേ. എച്ചിൽ തിന്നുന്നവർ മാത്രമാണ് അവിടെ ഇപ്പോഴും നിൽക്കുന്നത്. കോൺഗ്രസ് സർക്കാർ വരുമ്പോൾ കോൺഗ്രസുകാരെ മാത്രമല്ല ബോർഡ് – കോർപറേഷനുകളിൽ നിയമിക്കുന്നത്. പക്ഷേ എൽഡിഎഫിലൊക്കെ അടിമപ്പണി ചെയ്തേ പറ്റൂവെന്ന് മഹേഷ് എംഎല്‍എ പറഞ്ഞു.















































