ഇസ്‌ലാമാബാദ്: വിവാഹമോചന വാർത്തയ്ക്കു പിന്നാലെ പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഇമാദ് വസീമിനെതിരെ ഗുരുതര ആരോപണവുമായി മുൻ ഭാര്യ സാനിയ അഷ്ഫാഖിന്റെ പോസ്റ്റ്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച നീണ്ട കുറിപ്പിലാണ് സാനിയ അഷ്ഫാഖ് തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്. സാനിയയുമായുള്ള തന്റെ വിവാഹംബന്ധം അവസാനിപ്പിക്കുകയാണെന്ന് ഇമാദ് വസീം അറിയിച്ചതിനു പിന്നാലെയാണ് ഇപ്പോൾ താരത്തിനെതിരെ സാനിയ രംഗത്തെത്തിയിരിക്കുന്നത്. 2019ലാണ് ഇമാദും സാനിയയും വിവാഹിതരായത്. ഇരുവർക്കും മൂന്നു കുട്ടികളുണ്ട്.
‘‘വളരെ വേദന നിറഞ്ഞ ഒരു അവസ്ഥയിൽ നിന്നാണ് ഞാൻ ഇത് എഴുതുന്നത്. എന്റെ കുടുംബം തകർന്നു, എന്റെ കുട്ടികൾക്ക് അച്ഛനില്ല. മൂന്നു കുട്ടികളുടെ അമ്മയാണ് ഞാൻ, അഞ്ച് മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ ഉൾപ്പെടെ. ആ കുഞ്ഞിനെ ഇതുവരെ പിതാവ് സ്വന്തം കയ്യിൽ എടുത്തിട്ടുപോലുമില്ല. ഇത് ഞാൻ പങ്കുവയ്ക്കാൻ ആഗ്രഹിച്ച കഥയല്ല, പക്ഷേ മൗനത്തെ ഒരിക്കലും ബലഹീനതയായി തെറ്റിദ്ധരിക്കരുത്.’’ സാനിയ ഇൻസ്റ്റഗ്രാം കുറിപ്പിൽ പറഞ്ഞു.
അതുപോലെ പല ബുദ്ധിമുട്ടുകൾക്കിടയിലും ദാമ്പത്യ ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ താൻ ശ്രമിച്ചിരുന്നെന്നും അവർ പറഞ്ഞു. ‘‘പല വിവാഹങ്ങളെയും പോലെ, ഞങ്ങളുടെ വിവാഹത്തിലും ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു, പക്ഷേ അത് തുടർന്നു. ഒരു ഭാര്യയും അമ്മയും എന്ന നിലയിൽ ഞാൻ പ്രതിജ്ഞാബദ്ധത പുലർത്തുകയും ഞങ്ങളുടെ കുടുംബം സംരക്ഷിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുകയും ചെയ്തു. ഈ വിവാഹം ഒടുവിൽ അവസാനിപ്പിച്ചത് എന്റെ ഭർത്താവിനെ വിവാഹം കഴിക്കാൻ ഉദ്ദേശിച്ചിരുന്ന ഒരു മൂന്നാം കക്ഷിയുടെ ഇടപെടലാണ്. തകർച്ചയുടെ ഘട്ടത്തിലായിരുന്ന ഒരു ബന്ധത്തിന് അത് അവസാന പ്രഹരമായി മാറി.
ഈ ബന്ധത്തെതുടർന്ന് ഗർഭിണിയായ സമയത്ത് ഞാൻ മാനസിക പീഡനം, മോശം പെരുമാറ്റം, ഗർഭഛിദ്രം എന്നിവ സഹിക്കേണ്ടി വന്നു. എന്നാൽ എന്റെ കുട്ടികൾക്കും എന്റെ കുടുംബത്തിന്റെ അന്തസ്സിനും വേണ്ടി ഞാൻ ക്ഷമ തെരഞ്ഞെടുത്തു. വിവാഹമോചന പ്രക്രിയ തന്നെ നിയമപരമായി തർക്കത്തിലാണ്, ഇപ്പോഴും സൂക്ഷ്മപരിശോധനയിലാണ്. സത്യം ശരിയായ വഴികളിലൂടെ കണ്ടെത്തും. എന്നെ നിശബ്ദമാക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കുന്നവർ അനീതിക്ക് മറുപടി ലഭിക്കാതെ പോകില്ലെന്ന് തിരിച്ചറിയണം.
മാത്രമല്ല, ഈ വിഷയത്തിൽ എല്ലാ കുറ്റവാളികൾക്കുമെതിരെ രേഖാമൂലമുള്ള തെളിവുകൾ ലഭ്യമാണെന്ന് ഓർക്കണം. പരസ്യ പ്രസ്‌താവന നടത്തരുതെന്ന് എന്നെ ഭീഷണിപ്പെടുത്തിയ ഓരോ വ്യക്തിയെയും നിയമപ്രകാരം നേരിടും. ഞാൻ ഇന്ന് സംസാരിക്കുന്നത് പ്രതികാരത്തിന്റെ പേരിലല്ല, മറിച്ച് സത്യത്തിന്റെ പേരിലാണ്, എനിക്ക് വേണ്ടിയും, എന്റെ കുട്ടികൾക്കുവേണ്ടിയും, നിശബ്ദതയിൽ സഹിക്കാൻ വിധിച്ച ഓരോ സ്ത്രീക്കും വേണ്ടിയും’’– സാനിയ എഴുതി.
അതേസമയം ആറു വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിക്കുകയാണെന്ന് 37 വയസുകാരനായ ഇമാദ് വസീം സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ നേരത്തെ അറിയിച്ചിരുന്നു. “വളരെ ആലോചിച്ചതിനുശേഷവും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി പരിഹരിക്കാൻ കഴിയാത്ത ആവർത്തിച്ചുള്ള തർക്കങ്ങൾ മൂലവുമാണ് ഞാൻ വിവാഹമോചനത്തിന് അപേക്ഷ നൽകിയത്.” ഇമാദ് എഴുതി. പൊതുജനങ്ങൾ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും പഴയ ഫോട്ടോകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“എല്ലാവരും ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഞങ്ങളുടെ ഫോട്ടോകൾ ഉപയോഗിക്കുന്നതോ പങ്കിടുന്നതോ ഒഴിവാക്കണമെന്നും ഞാൻ ആത്മാർഥമായി അഭ്യർത്ഥിക്കുന്നു. അവരെ എന്റെ പങ്കാളിയായി പരാമർശിക്കുന്നത് ഒഴിവാക്കുക. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുതെന്ന് ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു. ഒരു പിതാവെന്ന നിലയിൽ തന്റെ മക്കളോടുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം 2015 മുതൽ 2024 വരെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ കളിച്ച ഓൾറൗണ്ടർ താരമാണ് ഇമാദ് വസീം. പാക്കിസ്ഥാനായി 75 ട്വന്റി 20കളിലും 55 ഏകദിനങ്ങളിലും കളിച്ചു. 2024ൽ വിരമിച്ചു.














































