ന്യൂഡൽഹി: അമേരിക്കയിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി അമൃത്സറിലെത്തിയ മൂന്നാം വിമാനത്തിലും യാത്രക്കാരെ കൊണ്ടുവന്നത് കൈ വിലങ്ങ് അണിയിപ്പിച്ച്. 112 അനധികൃത കുടിയേറ്റക്കാരെയാണ് കഴിഞ്ഞ ദിവസം അമേരിക്ക തിരിച്ചയച്ചത്. 63 മണിക്കൂറിലധികം യാത്ര ചെയ്താണ് വിമാനം അമൃത്സറിലെത്തിയത്. അമേരിക്കൻ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ വിമാനത്തിലാണ് കുടിയേറ്റക്കാരെ തിരിച്ചയച്ചത്. കഴിഞ്ഞ രണ്ടുതവണയും അമേരിക്കയിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെത്തിയത് കൈവിലങ്ങോടെയായിരുന്നു.
കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയവരിൽ അധികവും ഹരിയാന സ്വദേശികളാണ്. 44 ഹരിയാന സ്വദേശികളാണ് മൂന്നാം വിമാനത്തിലുണ്ടായത്. 31 പേർ പഞ്ചാബിൽ നിന്നും 33 പേർ ഗുജറാത്തിൽ നിന്നും രണ്ട് പേർ ഉത്തർ പ്രദേശിൽ നിന്നുമുള്ളവരാണ്. ഹിമാചൽ പ്രദേശിൽ നിന്നും ഉത്തരാഖണ്ഡിൽ നിന്നും ഓരോ ആളുകൾ വീതവുമുണ്ട്.
പത്ത് ദിവസത്തിനുള്ളിലാണ് അനധികൃത കുടിയേറ്റക്കാരുമായുള്ള മൂന്നാം വിമാനമാണ് ഇന്ത്യയിലെത്തിയത്. ഫെബ്രുവരി അഞ്ചിന് വന്ന ആദ്യ ഘട്ട വിമാനത്തിൽ 104 ഇന്ത്യക്കാരും രണ്ടാമത്തെ ശനിയാഴ്ച രാത്രിയെത്തിയ വിമാനത്തിൽ 116 ഇന്ത്യക്കാരുമാണുണ്ടായത്. ആദ്യ രണ്ട് വിമാനത്തിലും യാത്രക്കാരുടെ കൈകളും കാലുകളും വിലങ്ങ് അണിയിച്ചിരുന്നു. പിന്നാലെ വ്യാപക വിമർശനമുണ്ടായിരുന്നു. സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ചുകൊണ്ട് കോൺഗ്രസും രംഗത്തെത്തിയിരുന്നു. രണ്ടാം വിമാനത്തിൽ എത്തിയ സിഖുക്കാരുടെ തലപ്പാവ് അഴിപ്പിച്ചു എന്നുള്ള ആരോപണവും ഉയർന്നു വരുന്നുണ്ട്.