ന്യൂഡൽഹി: ഹൽഗാമിലെ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ മരവിപ്പിച്ച സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് കത്തെഴുതി പാകിസ്ഥാൻ. കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം എന്നാണ് കത്തിലെ ആവശ്യം. ഇന്ത്യയുടെ തീരുമാനം പാകിസ്താനിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് പാക് ജലമന്ത്രാലയം, വിദേശകാര്യ മന്ത്രാലയത്തിന് അയച്ച കത്തിൽ പറയുന്നു. കരാർ പ്രകാരം സത്ലജ്, ബിയാസ്, രവി എന്നീ കിഴക്കൻ നദികളിലെ ജലം ഇന്ത്യക്കും സിന്ധു, ഝലം, ചിനാബ് എന്നീ പടിഞ്ഞാറൻ നദികളിലെ ജലം പാകിസ്നും ഉപയോഗിക്കാം. എന്നാൽ ഭീകരാക്രമണത്തിനു പിന്നാലെ. ഘട്ടംഘട്ടമായി പാകിസ്താനിലേക്കുള്ള നീരൊഴുക്ക് പൂർണമായും തടയുമെന്നാണ് ജൽശക്തി മന്ത്രി സി.ആർ. പാട്ടീൽ പറഞ്ഞത്. സംഘർഷങ്ങൾ അവസാനിപ്പിക്കാൻ വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോഴും നദീജല കരാറിൽ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചത്. സിന്ധു നദിയുടെ ആറ് പോഷക നദികളിലെ ജലം എങ്ങനെ പങ്കിടണം എന്നത് നിർണ്ണയിക്കുന്ന കരാറിൽ നിന്ന് പിൻമാറുന്നുവെന്നാണ് ഇന്ത്യ പ്രഖ്യാപിച്ചത്. പടിഞ്ഞാറൻ നദികളായ ഝെലം, ചെനാബ്, ഇൻഡസ് എന്നിവയിലെ വെള്ളം പാകിസ്ഥാനും കിഴക്കൻ ഭാഗത്തെ സത്ലജ്, ബ്യാസ്, രവി എന്നിവയിലെ അവകാശം പൂർണ്ണമായും ഇന്ത്യയ്ക്കും നൽകുന്നതായിരുന്നു കരാർ. പാകിസ്ഥാന് അവകാശമുള്ള നദികളിലെ ജലം കൃഷിക്കും വൈദ്യുത പദ്ധതികൾക്കും ഉപയോഗിക്കാമെങ്കിലും വെള്ളത്തിന്റെ ഒഴുക്ക് തടയാനാവില്ല. പാകിസ്ഥാന്റെ അനുമതിയോടെ മാത്രമേ നദികൾക്ക് കുറുകെയുള്ള ഏതു പദ്ധതിയും നടപ്പാക്കാൻ കഴിയൂ. കറാറിൽ നിന്നും പിൻമാറുന്നതിലൂടെ കരാർപ്രകാരമുള്ള എല്ലാ നടപടികളും ഇന്ത്യ നിറുത്തിവച്ചു.
അതേസമയം ഓപറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന്‍ വ്യോമസേനയ്ക്ക് ഇന്ത്യന്‍ സൈന്യം കനത്ത പ്രഹരമേല്‍പ്പിച്ചെന്ന് റിപ്പോര്‍ട്ട്. ചൈനീസ് വ്യോമ പ്രതിരോധ സംവിധാനം മറികടന്നായിരുന്നു ആക്രമണം. പാക് വ്യോമസേനയുടെ അഞ്ചിലൊന്ന് സൗകര്യങ്ങൾ തകർത്തു. 23 മിനിറ്റ് നീണ്ടുനിന്ന പ്രത്യാക്രമണത്തിലൂടെ വ്യോമതാവളങ്ങളിൽ വൻനാശം വിതയ്ക്കാന്‍ ഇന്ത്യയ്ക്കായി. എഫ് പതിനാറ് അടക്കം നിരവധി യുദ്ധവിമാനങ്ങളും നിയന്ത്രണ രേഖയിലെ ബങ്കറുകളും ആക്രമണത്തില്‍ തകര്‍ന്നു. നിയന്ത്രണരേഖയിലും കനത്ത തിരിച്ചടി നല്‍കാന്‍ ഇന്ത്യയ്ക്കായി. ഭീകരരുടേയും പാക് റേഞ്ചേഴ്സിന്‍റേയും ബങ്കറുകളും പോസ്റ്റുകളും തകര്‍ത്തു. കൃത്യതയോടെ സേനകള്‍ സംയുക്തമായി നടത്തിയ ഓപറേഷനാണെന്ന് ഇന്ത്യ ലോകരാജ്യങ്ങളെ അറിയിച്ചു. അതേസമയം ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഒരുദ്യോഗസ്ഥനെ പാകിസ്ഥാൻ പുറത്താക്കി.