തിരുവനന്തപുരം: ബിഹാറിനു പിന്നാലെ കേരളത്തിലും വോട്ടർപട്ടിക തീവ്ര പരിഷ്കരണം(എസ്‌ഐആർ) നടപ്പാക്കും. നിയമസഭാ തിരഞ്ഞെടുപ്പിനുമുൻപ് ഇത് പൂർത്തിയാക്കുമെന്നാണ് വിവരം. കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ സമയക്രമം പ്രഖ്യാപിക്കുന്നമുറയ്ക്ക് പട്ടികപുതുക്കൽ തുടങ്ങുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ പത്രസമ്മേളനത്തിൽ പറഞ്ഞു.2002-ലെ പട്ടിക അടിസ്ഥാനമാക്കിയാണ് വോട്ടർപട്ടിക പുതുക്കുക. ഇതിന് മൂന്നുമാസം വേണ്ടിവരുമെന്ന് സിഇഒ പറഞ്ഞു. 2002-ലെ പട്ടികയിലുള്ളവർ പേര് നിലനിർത്താൻ പുതിയതായി രേഖകൾ നൽകേണ്ട.
2002-നുശേഷം പേരുചേർത്ത, 2025-ലെ പട്ടികയിലുള്ളവർ കമ്മിഷൻ ആവശ്യപ്പെടുന്ന രേഖകളിൽ ഏതെങ്കിലുമൊന്ന് നൽകണം. ആധാർകാർഡും രേഖയായി പരിഗണിക്കും.പുതുതായി പേരുചേർക്കുന്നവരും രേഖ നൽകണം. രണ്ടുപട്ടികയിലും പേരുള്ള എല്ലാവരും എന്യുമറേഷൻ ഫോറം പൂരിപ്പിച്ചുനൽകണം.
വോട്ടർപട്ടിക വെബ്‌സൈറ്റിലുണ്ടാകും. പേരുചേർക്കുന്നതിനൊപ്പം ഒഴിവാക്കാനും മറ്റൊരിടത്തേക്ക് മാറ്റാനും അവസരമുണ്ട്. പട്ടിക പുതുക്കാൻ ഓൺലൈനായി അപേക്ഷിക്കാം. എങ്കിലും ബൂത്തുലെവൽ ഓഫീസർമാർ ഓരോ വീട്ടിലുമെത്തി വിവരം പരിശോധിക്കും. ബിഎൽഒ എത്തുമ്പോൾ ആളില്ലെങ്കിലും പിന്നീട് സന്ദർശനസമയം നിശ്ചയിക്കാം. കേരളത്തിൽ എല്ലാവർക്കും ആധാർ കാർഡുണ്ട്. മറ്റേതെങ്കിലും രേഖ ആവശ്യമെങ്കിൽ ബന്ധപ്പെട്ട വകുപ്പുകൾ 15 ദിവസത്തിനകം നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും സിഇഒ അറിയിച്ചു.അഭിപ്രായം ആരായാൻ 20-ന് രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെ യോഗം വിളിക്കും.