ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിച്ചയാളെ സുപ്രീം കോടതി വെറുതെവിട്ടു . പൊലീസിന്റെ അന്വേഷണത്തിൽ വീഴ്ച സംഭവിച്ചുവെന്നും തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും വിചാരണ കോടതിയുടെ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്നും സുപ്രീം കോടതി വ്യക്തമാക്കി. ദശാബ്ദക്കാലം ജയിലിൽ കഴിഞ്ഞ ശേഷമാണ് സുപ്രീം കോടതി ശിക്ഷ റദ്ദാക്കുകയും കുറ്റവിമുക്തനാക്കുകയും ചെയ്തത്. ഫോറൻസിക് റിപ്പോർട്ട് ഉൾപ്പെടെ എല്ലാ തെളിവുകളും പരിശോധിച്ച ശേഷം, ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കരോൾ, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച്, പ്രതിക്കെതിരെ വിശ്വസനീയമായ ഒരു തെളിവ് പോലും കണ്ടെത്തിയില്ലെന്നും വ്യക്തമാക്കി.
സംസ്ഥാന പൊലീസിനെയും പ്രോസിക്യൂഷനെയും രൂക്ഷമായി വിമർശിച്ചു. വിചാരണ കോടതി വിധി ഹൈക്കോടതിയും ശരിവെച്ചിരുന്നു. 2016 ജൂണിൽ ഉധം സിംഗ് നഗർ ജില്ലയിലാണ് സംഭവം നടന്നത്. ഉത്സവത്തിനിടെ പെൺകുട്ടി അപ്രത്യക്ഷയാകുകയും അവളുടെ മൃതദേഹം വയലിൽ കണ്ടെത്തുകയും ചെയ്തു. പിറ്റേദിവസം കേസിൽ അറസ്റ്റുണ്ടായി. പരിപാടിയുടെ ശബ്ദ-വെളിച്ച ചുമതലയുള്ള യുവാവിനെയാണ് അറസ്റ്റ് ചെയ്തത്.
കേസിൽ സാക്ഷിമൊഴികളില്ലെന്നും പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറെ ചോദ്യം ചെയ്തിട്ടില്ലെന്നും സാമ്പിളുകൾ കൈമാറിയ പൊലീസുകാരന്റെ പേര് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ലെന്നും സാമ്പിളുകൾ സുരക്ഷിതമായ അവസ്ഥയിലാണ് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു. കുറ്റസമ്മത മൊഴി വാങ്ങി പൊലീസ് ആ വ്യക്തിയുടെ മേൽ കേസ് കെട്ടിവയ്ക്കാൻ ശ്രമിച്ചുവെന്ന് കോടതി പറഞ്ഞു. വിചാരണ ന്യായമായ രീതിയിൽ നടന്നിട്ടില്ലെന്ന് സംശയാതീതമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നുവെന്ന് കോടതി പറഞ്ഞു.