ന്യൂഡല്‍ഹി: രാജ്യത്ത് കോടീശ്വരന്മാര്‍ പെരുകുന്നു. കഴിഞ്ഞ വര്‍ഷംമാത്രം കോടീശ്വരന്മാരുടെ എണ്ണത്തില്‍ ആറ് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 10 മില്ല്യണ്‍ യുഎസ് ഡോളറിനു മുകളില്‍ സമ്പത്തുള്ളവരെയാണ് കോടീശ്വരന്‍മാരായി കണക്കാക്കുന്നത്. 2023ല്‍ 80,686 കോടീശ്വരന്‍മാരായിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്. അത് 2024ഓടെ 85,698 ആയി ഉയര്‍ന്നു.
ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സമ്പത്ത് വ്യവസ്ഥയെയാണ് ഈ വര്‍ധന പ്രതിഫലിപ്പിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞു. രാജ്യത്ത് നിക്ഷേപക അവസരങ്ങള്‍ വര്‍ധിക്കുന്നതും ആഡംബര വിപണി വികസിച്ചുകൊണ്ടിരിക്കുന്നതും അതിസമ്പന്നരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടമുണ്ടാക്കി. അതേസമയം കഴിഞ്ഞ വര്‍ഷം ശതകോടീശ്വരന്മാരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 26 പേരാണ് പുതുതായി ശതകോടീശ്വര പട്ടികയില്‍ സ്ഥാനം പിടിച്ചത്. 2019ല്‍ വെറും ഏഴു പേരുണ്ടായിരുന്ന ശതകോടീശ്വര പട്ടിക ഇന്ന് 191 ല്‍ എത്തിനില്‍ക്കുകയാണ്.
ഇവരുടെ മൊത്തം ആസ്തി 950 ബില്ല്യണ്‍ യു എസ് ഡോളറാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതോടെ ആഗോള തലത്തില്‍ ശതകോടീശ്വരന്‍മാരുടെ സമ്പത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനം കൈവരിച്ചിരിക്കുകയാണ്. 2028ഓടെ രാജ്യത്തെ കോടീശ്വരന്‍മാരുടെ എണ്ണം 93,753 ആയി ഉയരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.