കൽപ്പറ്റ: പഞ്ചാരക്കൊല്ലിയിലെ ഭീതിയിലാഴ്ത്തിയ നരഭോജിക്കടുവയെ ചത്ത നിലയിൽ കണ്ടെത്തി. പിലാക്കാവ് ഭാഗത്താണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കടുവയുടെ ശരീരത്തിൽ പരുക്കുകളുണ്ട്. കഴുത്തിൽ ആഴത്തിലുള്ള 2 മുറിവുകളുണ്ട്. കടുവയുടെ കാൽപ്പാടുകൾ പരിശോധിച്ചു പോയപ്പോഴാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെതെന്ന് വനം വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. കടുവയുടെ ജഡം ബേസ് ക്യാംപിലേക്ക് എത്തിച്ചു.
കാടിനുള്ളിൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ട സ്ഥലത്താണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കടുവ മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയാണ് ചത്തതെന്നാണ് സംശയം. വനം വകുപ്പ് ഉദ്യോഗസ്ഥർ കടുവയെ ആദ്യം കണ്ടപ്പോൾ അവശനിലയിലായിരുന്നു. ഇതോടെ മയക്കുവെടി വയ്ക്കാനുള്ള ഉദ്യോഗസ്ഥരെ വരുത്തി. എന്നാൽ അവരെത്തി മയക്കുവെടിയ്ക്ക് തയാറെടുക്കുമ്പോഴേക്കും കടുവ ചത്തിരുന്നു.
അതേസമയം കടുവയുടെ ശരീരത്തിൽ മുറിപ്പാട് എങ്ങനെയുണ്ടായി എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ ഇന്നു തന്നെ നടത്തും. കടുവയെ വെടിവച്ചു കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം കടുവയ്ക്കായി കാടുകയറിയുള്ള പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് കടുവ ചത്തത്.