തിരുവനന്തപുരം: തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയിൽ ഭർത്താവ് ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു. ഡയാലിസിസ് ചികിത്സയിലായിരുന്ന കരകുളം സ്വദേശി ജയന്തിയാണ് മരിച്ചത്. കൊലയ്ക്ക് പിന്നാലെ ഭർത്താവ് ഭാസുരേന്ദ്രൻ ജീവനൊടുക്കാൻ ശ്രമിച്ചു. ഇയാളിപ്പോൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.പുലർച്ചെ ആയിരുന്നു സംഭവം.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജയന്തി എസ്.യു.ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൂടെ ഭർത്താവ് ഭാസുരേന്ദ്രനും ഉണ്ടായിരുന്നു.
ഇന്ന് പുലർച്ചെയോടെ ജയന്തിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം ഭാസുരേന്ദ്രൻ ആശുപത്രി കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു. ജയന്തിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബത്തിന് വലിയരീതിയിൽ സാമ്പത്തികപ്രതിസന്ധി ഉണ്ടായിരുന്നതായാണ് പോലീസ് വ്യക്തമാക്കുന്നത്.
ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഭാസുരേന്ദ്രനിൽനിന്ന് മൊഴിയെടുക്കാൻ പോലീസിനായിട്ടില്ല.