തിരുവനന്തപുരം: മണിക്കൂറുകൾ എടുത്തുള്ള അഞ്ച് കൊലപാതകങ്ങൾ, എല്ലാവരും രക്തബന്ധമുള്ളവരും പ്രിയപ്പെട്ടവരും. കൊലയ്ക്ക് ശേഷം കുളിയും കഴിഞ്ഞ് നേരെ പോലീസ് സ്റ്റേഷനിലേക്ക്. യാഥൊരു ഭാവവ്യത്യാസവും ഇല്ലാതെയായിരുന്നു വെഞ്ഞാറമൂട് സ്റ്റേഷനിലെത്തി ആറ് പേരെ കൊലപ്പെടുത്തിയെന്ന് പ്രതി അഫാൻ മൊഴി നൽകിയത്.
ഇന്നലെ വൈകുന്നേരം 5.30ഓടെയായിരുന്നു പ്രതി സ്റ്റേഷനിലെത്തിയത്. എന്നാൽ ആദ്യം വിശ്വസിക്കാൻ പോലീസിനു പോലും കഴിഞ്ഞില്ല, 23 കാരൻ ആറുപേരെ കൊലപ്പെടുത്തുകയെന്നു പറഞ്ഞാൽ… പോലീസ് അന്വേഷിച്ച് കൊലപാതകം ഉറപ്പിക്കുകയായിരുന്നു. താൻ എലിവിഷം കഴിച്ചിരുന്നെന്നും മദ്യപിച്ചിരുന്നെന്നും സ്റ്റേഷനിലെത്തിയ അഫാൻ നൽകിയ ആദ്യ മൊഴിയിൽ പറഞ്ഞിരുന്നു.
അതേസമയം മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വെഞ്ഞാറമൂട്ടിലെ കൂട്ടക്കുരുതി നടന്നതെന്നാണ് പോലീസ് പറയുന്നത്. പ്രതി അഫാനെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് വ്യക്തിപരമായ സാമ്പത്തിക പ്രശ്നമാണെന്നാണ് പ്രാഥമിക നിഗമനം. ഫർസാനയുമായി ജീവിക്കാൻ പണമില്ലാത്തത് പ്രധാന കാരണമെന്നും പ്രാഥമിക വിലയിരുത്തലുണ്ട്. കൂടാതെ കുടുംബത്തിന് സാമ്പത്തിക ബുദ്ധി ബുദ്ധിമുട്ടുള്ളതിനാൽ വീട്ടിൽ നിന്നും അഫാന് പണം ലഭിച്ചിരുന്നില്ല. ഇതെല്ലാം കൊലപാതകത്തിന് കാരണമായിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് പോലീസ്.
ഇന്നലെ രാവിലെ 11.30-ഓടെയാണ് മാതാവ് ഷെമിയെ ഷോൾ കഴുത്തിൽ ചുറ്റി തല ചുമരിലിടിച്ച് പ്രതി ആക്രമിച്ചത്. പിന്നീട് ഷെമിയെ റൂമിൽ പൂട്ടിയിട്ട് പ്രതി പാങ്ങോട്ടെ മുത്തശിയുടെ വീട്ടിലേക്ക് പോയി. അഫാൻ നേരത്തെ മുത്തശിയുടെ സ്വർണ മോതിരം പണയം വച്ചിരുന്നു. പിന്നീട് കൂടുതൽ സ്വർണം പണയം വയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും നൽകാത്തതോടെയാണ് മുത്തശ്ശിയെ തലയ്ക്കടിച്ച് കൊന്നതെന്നാണ് സൂചന. കൊലപാതകത്തിന് ശേഷം മുത്തശിയുടെ മാല കവർന്ന് വെഞ്ഞാറമൂട്ടിൽ പണയം വച്ചു. ഇവിടെ നിന്നും മുൻകൂർ പണം കടം വാങ്ങിയിരുന്നു സ്വർണം നൽകാമെന്നു പറഞ്ഞ്. തുടർന്ന് കൊലപാതകശേഷം മാല അവിടെ പണയം വയ്ക്കുകയും ചെയ്തു.