കൊച്ചി: വിവിധ അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത സൂപ്പർ നാച്ചുറൽ ത്രില്ലർ ‘വടക്കന്‍’ എന്ന സിനിമയുടെ ദുരൂഹതകൾ ഒളിപ്പിച്ച ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്ന കിഷോറിന്‍റെ രണ്ട് ഗെറ്റപ്പുകളാണ് പോസ്റ്ററിലുള്ളത്. തലമുണ്ഡനം ചെയ്തുള്ളൊരു രൂപവും പ്രതീകാത്മകമായ മറ്റൊരു രൂപവുമാണ് പോസ്റ്ററിൽ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പാരാനോർമൽ ഇൻവെസ്റ്റിഗേറ്ററായാണ് ചിത്രത്തിൽ അദ്ദേഹം എത്തുന്നത്. ഒട്ടേറെ രഹസ്യങ്ങളും നിഗൂഢതകളും ഒളിഞ്ഞിരിക്കുന്ന പോസ്റ്റർ ഒരേ സമയം പ്രേക്ഷകരിൽ കൗതുകവും ആകാംക്ഷയും ജനിപ്പിക്കുന്നതാണ്. സജീദ് എ. കഥയെഴുതി സംവിധാനം ചെയ്ത് കിഷോറും ശ്രുതി മേനോനും പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്ന ‘വടക്കൻ’ ഓഫ് ബീറ്റ് സ്റ്റുഡിയോസാണ് നിർമ്മിച്ചിരിക്കുന്നത്. മാർച്ച് ഏഴിനാണ് സിനിമയുടെ റിലീസ്.
ദ്രാവിഡ പുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കിക്കൊണ്ട് അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയും ഗ്രാഫിക്‌സും ശബ്‍ദ, ദൃശ്യ വിന്യാസങ്ങളുമെല്ലാമായിട്ടാണ് ‘വടക്കൻ’ ഒരുക്കിയിരിക്കുന്നത്. കേരളീയ പശ്ചാത്തലത്തിലാണെങ്കിലും ഹോളിവുഡിനെ വെല്ലുന്ന സാങ്കേതിക തികവാണ് നിർമാതാക്കളായ ഓഫ്ബീറ്റ് സ്റ്റുഡിയോസ് ഉദ്ദേശിക്കുന്നത്. മലയാളികൾക്കും കേരളത്തിന് പുറത്തുള്ളവർക്കും വിദേശികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ചിത്രമായിരിക്കും ‘വടക്കൻ’ എന്നാണ് നിർമ്മാതാക്കളായ ഓഫ്ബീറ്റ് സ്റ്റുഡിയോയിലെ ജയ്ദീപ് സിംഗ്, ഭവ്യ നിധി ശർമ്മ എന്നിവരുടെ ആത്മവിശ്വാസം.
മലയാളി സിനിമാ പ്രേക്ഷകർക്കായി ഓഫ് ബീറ്റ് സ്റ്റുഡിയോസ് സമാനതകളില്ലാത്ത കഥകളൊരുക്കുന്ന യൂണിവേഴ്സിൽ ആദ്യത്തേതായാണ് ‘വടക്കൻ’ എത്തുന്നത്. പുരാതന വടക്കേ മലബാറിലെ നാടോടിക്കഥകളുടെ കഥാതന്തുവിൽ ഒരുങ്ങുന്ന ഒരു സൂപ്പർനാച്ചുറൽ ത്രില്ലറാണ് ‘വടക്കൻ’. മലയാളം കൂടാതെ കന്നഡയിലേക്ക് മൊഴിമാറ്റിയും റിലീസിനായി ഒരുങ്ങുന്നുണ്ട്.
ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. ജാപ്പനീസ് ഛായാഗ്രഹക കെയ്കോ നകഹാര ഛായാഗ്രഹണം ഒരുക്കുന്നു. ഉണ്ണി ആറിന്‍റേതാണ് തിരക്കഥയും സംഭാഷണങ്ങളും. ബിജിപാൽ സംഗീതം നൽകുന്നു. ആഗോളതലത്തിൽ ശ്രദ്ധേയയായ പാക് ഗായിക സെബ് ബംഗാഷ് ബിജിബാലിനും ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവായ ഷെല്ലെയ്ക്കുമൊപ്പം ഒരുക്കിയ ഒരു പ്രണയ ഗാനം ‘വടക്കനി’ൽ ആലപിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള ഏറ്റവും മികച്ച സിജിഐ ടീമാണ് ചിത്രത്തിന്‍റെ വിഎഫ്എക്സ് ഒരുക്കുന്നത്.
മലയാള സിനിമയില്‍ ആദ്യമായി ഓഡിയോ ട്രെയിലര്‍ ‘വടക്കൻ’ സിനിമയുടേതായി അടുത്തിടെ ലോഞ്ച് ചെയ്തിരുന്നു. മലയാള സിനിമാലോകത്ത് തന്നെ വേറിട്ടൊരു പരീക്ഷണം ആയിരിക്കും ചിത്രമെന്നാണ് സൂചന. ഇറ്റലിയിലെ അഭിമാനകരമായ 78-ാമത് ഫെസ്റ്റിവൽ ഇൻ്റർനാഷണൽ ഡെൽ സിനിമ ഡി സലേർനോ 2024 (78-ാമത് സലേർനോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ) യിൽ ഒഫീഷ്യൽ കോംപറ്റീഷനിൽ പ്രീമിയര്‍ ചെയ്ത ചിത്രത്തിന്റെ എക്സ്ക്ലൂസീവ് പ്രീമിയർ, ഇൻവൈറ്റ് ഒൺലി മാർക്കറ്റ് പ്രീമിയർ ലോക പ്രശസ്ത കാൻ ഫിലിം ഫെസ്റ്റിവലിൽ മാർഷെ ദു ഫിലിം 2024-ൽ ഹൊറർ, ഫാന്‍റസി സിനിമകൾക്കായുള്ള പ്രത്യേക വിഭാഗമായ ഫന്‍റാസ്റ്റിക് പവലിയനിൽ ഈ വർഷം ആദ്യം നടന്നിരുന്നു.
സെലിബ്രിറ്റികളും ഹൊറർ സിനിമ പ്രേമികളും ബോളിവുഡ്, ഹോളിവുഡ് താരങ്ങളും പങ്കെടുത്ത ഗാല സ്ക്രീനിങ്ങിൽ 7 സിനിമകളിൽ ഒന്നായാണ് വടക്കൻ തെരഞ്ഞെടുക്കപ്പെട്ടത്. റസൂൽ പൂക്കുട്ടി, കീക്കോ നകഹര, ബിജിബാൽ, ഉണ്ണി ആർ. എന്നീ പ്രശസ്തർ അണിയറയിൽ ഒരുമിക്കുന്ന ‘വടക്കൻ’ ഈ വിഭാഗത്തിൽ ഇടംനേടിയ ഏക മലയാളചിത്രവുമാണ്. അതുപോലെ അമേരിക്കയിലെ പ്രശസ്തമായ ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സൂപ്പർ നാച്വറൽ ത്രില്ലർ ചിത്രമായി ‘വടക്കൻ’ ചരിത്രം രചിച്ചിരുന്നു. ഫ്രാൻസിലെ റിംസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ബെസ്റ്റ് ഫീച്ചർ ഫിലിം വിന്നറായിരുന്നു ‘വടക്കൻ’
കിഷോറിനേയും ശ്രുതിയേയും കൂടാതെ മെറിൻ ഫിലിപ്പ്, മാലാ പാർവ്വതി, രവി വെങ്കട്ടരാമൻ, ഗാർഗി ആനന്ദൻ, ഗ്രീഷ്മ അലക്സ്, കലേഷ് രാമാനന്ദ്, കൃഷ്ണ ശങ്കർ, ആര്യൻ കതൂരിയ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിറാജ് നാസർ, രേവതി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്. എഡിറ്റർ സൂരജ് ഇ.എസ്, കളറിസ്റ്റ് ആൻഡ്രിയാസ് ബ്രുക്കേൽ, പ്രൊഡക്ഷൻ ഡിസൈനർ എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ സിൻജോ എബ്രഹാം, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ്, മാർക്കറ്റിങ് ആൻഡ് പ്രൊമോഷൻസ് കൺസൾട്ടന്‍റ് : ശിവകുമാർ രാഘവ്, പിആർഒ: ആതിര ദിൽജിത്ത്.
യുഎസ് പ്രീമിയർ ലീഗ് ക്രിക്കറ്റിന് ആരംഭം കുറിച്ച ഓഫ്ബീറ്റ് മീഡിയ ഗ്രൂപ്പ് ഇന്ത്യയിൽ നിന്നുള്ള ഏറെ വ്യത്യസ്തമായ കഥകൾ പ്രദർശിപ്പിക്കുന്നതിനുള്ള പ്ലാറ്റ്‍ഫോമായ 101India.com-ന് പിന്നിലെ സർഗ്ഗാത്മക ശക്തിയാണ്. അവരുടെ ബാനറായ ഓഫ് ബീറ്റ് സ്റ്റുഡിയോസിന് കീഴിൽ മലയാള സിനിമാലോകത്ത് അത്യന്തം വേറിട്ടുനിൽക്കുന്ന സിനിമകളൊരുക്കാനൊരുങ്ങുകയാണ്. നേരത്തെ, കൊച്ചിയിൽ നടന്ന എൻഎഫ്ടി എക്സിബിഷൻ “മിഥ്സ് ആൻഡ് മീമ്സ്” പപ്പായ കഫേയുമായി സഹകരിച്ച് ഓഫ്ബീറ്റ് മീഡിയയുടെ 101India.com ക്യൂറേറ്റ് ചെയ്തിരുന്നു.
 
			
































 
                                






 
							






