ബ്രസൽസ്: യുക്രെയ്‍നിൽ ആക്രമണം തുടരുന്ന റഷ്യയ്ക്കെതിരെ പുതിയ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ (ഇയു). റഷ്യയിൽ നിന്നു ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾ നൽകാവുന്ന പരമാവധി വില ബാരലിനു 47.6 ഡോളറാക്കി കുറച്ചു. 2022 ലെ ജി7 ഉപരോധപ്രകാരം ബാരലിന് 60 ഡോളറായിരുന്നു പരമാവധി വില. റഷ്യയുടെ ഇന്ധന, ഊർജ വ്യവസായത്തെയും ധനകാര്യ സംവിധാനത്തെയും ഞെരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.
യൂറോപ്പ് റഷ്യയ്ക്കെതിരെ ചുമത്തുന്ന ഏറ്റവും കടുത്ത ഉപരോധമാണിതെന്ന് യൂറോപ്യൻ യൂണിയ വിദേശനയ മേധാവി കായ കാലസ് പറഞ്ഞു. റഷ്യയുടെ എണ്ണക്കപ്പലുകൾ, നോർഡ് സ്ട്രീം വാതക പൈപ്പ് ലൈൻ ഇടപാടുകൾ എന്നിവയ്ക്കും പുതിയ വിലക്ക് ബാധകമാണ്. എന്നാൽ, ഇതുവരെയുള്ള പാശ്ചാത്യ ഉപരോധങ്ങൾ മറികടന്ന് ഇന്ധനവ്യാപാരം നടത്തുന്നതിൽ റഷ്യ വിജയിച്ച സാഹചര്യത്തിൽ പുതിയതു നടപ്പിലാക്കുന്നതെങ്ങനെയെന്നു വ്യക്തമല്ല. എണ്ണവില പരിധി താഴ്ത്തുന്ന നടപടിയോട് യുഎസ് യോജിച്ചിട്ടുമില്ല.
അതേസമയം, റഷ്യയ്‌ക്കെതിരായ ഏകപക്ഷീയ ഉപരോധത്തെ പിന്തുണയ്ക്കില്ലെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. ‘ഇന്ത്യ ഉത്തരവാദിത്തമുള്ള രാജ്യമാണ്, കൂടാതെ നിയമപരമായ ബാധ്യതകളോട് പൂർണമായും പ്രതിജ്ഞാബദ്ധവുമാണ്. പൗരന്മാരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഊർജ സുരക്ഷ ഉറപ്പാക്കേണ്ടത് അതീവ പ്രാധാന്യമുള്ള ഉത്തരവാദിത്തമായി ഇന്ത്യ കണക്കാക്കുന്നു. പാടില്ലെന്ന് ഞങ്ങൾ ഊന്നിപ്പറയുകയാണ്, പ്രത്യേകിച്ച് ഊർജ വ്യാപാരത്തിന്റെ കാര്യത്തിൽ’ – അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഗുജറാത്തിലെ റിഫൈനറിക്കും ഉപരോധം ബാധകമാകും.