പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ നിർണ്ണായക മൊഴി നൽകി സ്മാർട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി. 2019 ൽ സ്വർണം പൂശാനായി ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിൽ എത്തിച്ചത് കാലപ്പഴക്കമില്ലാത്ത ദ്വാരപാലക ശിൽപത്തിലെ പാളിയെന്നാണ് പങ്കജ് ഭണ്ഡാരി ദേവസ്വം വിജിലൻസിന് നൽകിയ മൊഴിയിൽ പറയുന്നത്. മുമ്പ് സ്വർണം പാകിയ പാളികളല്ല അന്നു കൊണ്ടുവന്നതെന്നും ഭണ്ഡാരി മൊഴി നൽകി. ഇതോടെ ഉണ്ണി കൃഷ്ണൻപോറ്റി സ്വർണ്ണപ്പാളി മറിച്ചുവിറ്റതാകാമെന്ന ദേവസ്വം വിജിലൻസ് എസ് പിയുടെ സംശയത്തിന് കൂടുതൽ ബലം വരികയാണ്.
1998 ൽ വ്യവസായി വിജയ് മല്യ സ്വർണം പൊതിഞ്ഞു നൽകിയ ദ്വാരലപാലക ശിൽപത്തിൽ ചെമ്പ് തെളിഞ്ഞെന്ന് പറഞ്ഞ് ചെന്നൈയിലെ സ്മാർട് ക്രിയേഷൻസിൽ എത്തിച്ചായിരുന്നു സ്വർണം പൂശിയത്. എന്നാൽ അന്ന് ഉണ്ണികൃഷ്ണൻ പോറ്റി എത്തിച്ചത് മുൻ സ്വർണം പാകിയ പാളികളല്ലെന്ന പങ്കജ് ഭണ്ഡാരിയുടെ മൊഴി. ഇന്നലെയാണ് സ്മാർട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകിയത്. ഇതോടെ വിജയ് മല്യ സ്വർണം പൊതിഞ്ഞുനൽകിയ പാളി എവിടെ എന്ന ചോദ്യം ശക്തമാവുകയാണ്.
അതേസമയം പുതിയ വിവാദങ്ങളോടെ മണ്ഡലകാലത്തിന് മുൻപ് പാളികളിൽ സ്വർണം പൂശാനുള്ള തീരുമാനം ദേവസ്വം ബോർഡ് ഉപേക്ഷിച്ചു. ശ്രീകോവിലിന്റെ വാതിലും പടവുകളിലെ പാളികളും സ്വർണം പൂശാനായിരുന്നു തീരുമാനിച്ചിരുന്നത്. വാതിൽ, പടവ് പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ ബോർഡ് തീരുമാനിച്ചപ്പോൾ തന്ത്രി എതിർത്തിരുന്നു. പിന്നീടാണ് സന്നിധാനത്ത് വെച്ച് അറ്റകുറ്റപണി നടത്താൻ തീരുമാനിച്ചത്
അറ്റകുറ്റപണികൾക്ക് കഴിഞ്ഞയാഴ്ച ഹൈക്കോടതി അനുമതിയും നൽകിയിരുന്നു. എന്നാൽ രാഷ്ട്രപതിയുടെ സന്ദർശനം മൂലമുള്ള തിരക്കും സമയക്കുറവുമാണ് പണി ഉപേക്ഷിക്കാൻ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം വരുന്നത്.
ഇതിനിടെ സ്വർണ വിവാദത്തിൽ ദേവസ്വം വിജിലൻസ് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് ഇന്നാണ് ഹൈക്കോടതിയിൽ സമർപ്പിക്കും. റിപ്പോർട്ടിന്റെ കോപ്പി ദേവസ്വം ബോർഡിനും സർക്കാരിനും സമർപ്പിക്കും. റിപ്പോർട്ട് കോടതി പരിശോധിച്ച ശേഷം എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും.