ടഹ്റാൻ: ട്രംപിന്റെ ഭീഷണിക്കു മറുപടിയുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി. ഭീകര സയണിസ്റ്റ് ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകുമെന്നും “യുദ്ധം ആരംഭിക്കുന്നു” എന്നുമായിരുന്നു ഖമനയിയുടെ മറുപടി. ഇറാന്റെ നിരുപാധിക കീഴടങ്ങൽ ആവശ്യപ്പെട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്കു മറുപടിയായി ബുധനാഴ്ച രാവിലെ എക്സിലാണ് ഇക്കാര്യങ്ങൾ കുറിച്ചത്.
ഖമനയിയുടെ പോസ്റ്റ് ഇങ്ങനെ: “ഭീകര സയണിസ്റ്റ് ഭരണകൂടത്തിന് ശക്തമായ മറുപടി നൽകണം. സയണിസ്റ്റുകളോട് ഞങ്ങൾ ഒരു ദയയും കാണിക്കില്ല.” ഇന്നു പുലർച്ചെ ഇറാൻ ഇസ്രായേലിലേക്ക് രണ്ട് റൗണ്ട് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രസ്താവനയിട്ടത്. കൂടാതെ ഖൈബാറിന്റെ ചരിത്രപരമായ യുദ്ധത്തെ സൂചിപ്പിച്ചുകൊണ്ട് ഊരിപ്പിടിച്ച വാളുമായി ഒരു മനുഷ്യൻ കോട്ടയുടെ കവാടത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ചിത്രത്തോടൊപ്പം ഖമേനി പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി എവിടെയാണ് ഒളിവിൽ കഴിയുന്നതെന്ന് തങ്ങൾക്കറിയാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പോസ്റ്റ് ചെയ്തിരുന്നു. ‘ആയത്തുല്ല ഖമനയിയുടെ ഒളിയിടം എവിടെയാണെന്ന് വ്യക്തമായി അറിയാം. അദ്ദേഹത്തെ പിടികൂടുക എളുപ്പമുള്ള ലക്ഷ്യമാണ്. എന്നാൽ അദ്ദേഹത്തെ തൽക്കാലം വധിക്കില്ല.’ – ട്രംപ് പറഞ്ഞു. അതോടൊപ്പം തന്റെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണെന്നും നിരുപാധികം കീഴടങ്ങുന്നതാണ് ഇറാന് നല്ലതെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ് നൽകി.
അതേസമയം കഴിഞ്ഞ ദിവസം കാനഡയിൽ നടന്ന ജി7 ഉച്ചകോടിയുടെ സമാപനത്തിനു നിൽക്കാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മടങ്ങിയത് അഭ്യൂഹങ്ങളുയർത്തിയിരുന്നു. വെടിനിർത്തൽ ധാരണയുണ്ടാക്കാനാണു ട്രംപ് വേഗം മടങ്ങിയതെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ പറഞ്ഞെങ്കിലും, ട്രംപ് ഇതു നിഷേധിച്ചു. പിന്നാലെയായിരുന്നു ഇറാനെതിരായ പ്രകോപനം നിറഞ്ഞ പോസ്റ്റുകൾ സമൂഹമാധ്യമത്തിലൂടെയിട്ടത്.