തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂരിൽ ആറാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. കുട്ടിയുടെ അമ്മയുടെ പരാതിയിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് വെങ്ങാനൂർ വിപിഎസ് മലങ്കര സ്‌കൂളിൽ അധ്യാപകൻ സെബിനെതിരെ കേസെടുത്തത്. തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
സെബിന്റെ വാഹനം മർദനമേറ്റ കുട്ടിയുടെ വീടിനടുത്തുവച്ച് അപകടത്തിൽപ്പെട്ടിരുന്നു. ഇക്കാര്യം കുട്ടി സ്‌കൂളിലെത്തി സഹപാഠികളുമായി പങ്കുവച്ചു. ഇതിൽ പ്രകോപിതനായ അധ്യാപകൻ ക്ലാസ്മുറിയിലെത്തി കുട്ടിയെ സ്റ്റാഫ് മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി മർദിക്കുകയായിരുന്നു. അധ്യാപകന്റെ മർദനം സഹിക്കവയ്യാതെ കുട്ടി സ്റ്റാഫ് മുറിയിൽനിന്ന് ഇറങ്ങിയോടി. എന്നാൽ അധ്യാപകൻ വീണ്ടും കുട്ടിയെ വിളിച്ചുവരുത്തി മർദിച്ചു.
കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ അധ്യാപകൻ ചൂരൽകൊണ്ട് അടിച്ചുവെന്നാണ് പറയുന്നത്. വടി ഒടിയുന്നതുവരെ കുട്ടിയെ മർദിച്ചതായും ആരോപണമുണ്ട്. കുട്ടിയുടെ ശരീരത്തിൽ മർദനത്തിന്റെ പാടുകളുണ്ട്. തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ സ്‌കൂൾ അധികൃതർക്കും മാനേജ്‌മെന്റിനും പരാതി നൽകിയിരുന്നു. പരാതിയിൽ അധ്യാപകനെതിരെ നടപടിയെടുത്തുവെന്നായിരുന്നു സ്‌കൂൾ അധികൃതരുടെ വിശദീകരണം. അധ്യാപകനെ മാറ്റിനിർത്തി എന്നായിരുന്നു അറിയിച്ചത്. എന്നാൽ ഇയാൾ വീണ്ടും സ്‌കൂളിൽ തുടർന്നതോടെയാണ് പോലീസിന് പരാതി നൽകിയത്. ജുവനൈൽ ജസ്റ്റിസ് ആക്ടിന് പുറമേ ഭാരതീയ ന്യായസംഹിതയുടെ 118 (1) വകുപ്പും ചുമത്തിയിട്ടുണ്ട്.