സുപ്രധാന സുപ്രിംകോടതി ഉത്തരവിൻറെ ചുവടുപിടിച്ച് രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി ഗവർണർ മാറ്റി വച്ച 10 ബില്ലുകളും നിയമമാക്കി തമിഴ്നാട് സർക്കാർ. ബില്ലുകളിലെ കാലതാമസം ഒഴിവാക്കുന്നത് സംബന്ധിച്ച സുപ്രധാന സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവ് വച്ചാണ് എല്ലാ ബില്ലുകളും നിയമമാക്കിയത്. ഇതാദ്യമായാണ് ഗവർണറുടെയോ രാഷ്ട്രപതിയുടെയോ അനുമതി ഇല്ലാതെ ബില്ലുകൾ നിയമമാകുന്നത്.
അതേസമയം നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്ക് സമയ പരിധി സുപ്രീംകോടതി നിശ്ചയിച്ചിരുന്നു. ഗവർണർ ബില്ലുകൾ അയച്ചാൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്നും കാലതാമസമുണ്ടായാൽ കാരണം സംസ്ഥാനത്തെ അറിയിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഈ സമയപരിധി പാലിക്കപ്പെട്ടില്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും 415 പേജുള്ള വിധിന്യായത്തിൽ ജസ്റ്റിസുമാരായ ജെബി പാർഡിവാല, ആർ മഹാദേവൻ എന്നിവർ വ്യക്തമാക്കി. ഓർഡിനൻസുകളിൽ രാഷ്ട്രപതി മൂന്നാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണം ഉത്തരവിൽ വിശദീകരിച്ചിട്ടുണ്ട്.
തമിഴ്‌നാട് ഗവർണർ ഡോ. ആർ.എൻ. രവി ബില്ലുകൾ തടഞ്ഞുവെച്ചതിന് എതിരായ വിധിയിലാണ് സുപ്രധാന നിർദേശം. വിധിപ്പകർപ്പ് എല്ലാ ഗവർണർമാരുടെയും പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും ഹൈക്കോടതികൾക്കും അയക്കാനും സുപ്രീംകോടതി നിർദേശിച്ചു. എന്നാൽ സുപ്രിംകോടതി നിർദേശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ രംഗത്തത്തി. ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിക്കുന്നത് ഭരണഘാടനാപരമല്ല. കോടതിക്ക് ഭരണഘടനാഭേദഗതി വരുത്താനാവില്ല. പാർലമെൻറും നിയമസഭകളും പിന്നെ എന്തിനാണെന്നും രാജേന്ദ്ര അർലേക്കർ ചോദിച്ചു.