കാബൂള്‍: അഫ്ഗാനിസ്താനില്‍ ചെസ്സിന് വിലക്കേര്‍പ്പെടുത്തി താലിബാന്. ചൂതാട്ടത്തിന് വഴിയൊരുക്കുമെന്ന ആശങ്കയെതുടര്‍ന്നാണ് താലിബാന് സര്‍ക്കാരിന്റെ നടപടി. അനിശ്ചിതകാലത്തേക്കാണ് വിലക്ക്. രാജ്യത്തെ മതനിയമപ്രകാരം ചൂതാട്ടം നിയമവിരുദ്ധമാണ്.
താലിബാനിലെ കായിക ഡയറക്ടറേറ്റാണ് ചെസ്സ് വിലക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. അഫ്ഗാനിലെ കായിക മത്സരങ്ങള്‍ നിയന്ത്രിക്കുന്നത് കായിക ഡയറക്ടറേറ്റാണ്. ശരിഅത്ത് നിയമപ്രകാരം ചെസ്സ് ചൂതാട്ടത്തിനുള്ള മാർമായിട്ടാണ് കണക്കാക്കുന്നതെന്ന് താലിബാന് വക്താവ് പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കപ്പെടുന്നതുവരെ അഫ്ഗാനില്‍ ചെസ്സ് കളിക്കുന്നതിന് വിലക്കുണ്ട്.
അഫ്ഗാനില്‍ താലിബാന് അധികാരത്തിലേറിയതിന് പിന്നാലെ ഒട്ടേറെ കായികഇനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ്(എംഎംഎ)പോലുള്ള ഫ്രീഫൈറ്റിങ് പ്രൊഫഷണല്‍ മത്സരങ്ങള്‍ രാജ്യത്ത് നിരോധിച്ചിരുന്നു.