ഗുജറാത്ത്: ഗാസ മുനമ്പിലെ യുദ്ധക്കെടുതി ബാധിതരെന്ന വ്യാജേന ഗുജറാത്തിലെ മുസ്ലീം പള്ളികളിൽ കേന്ദ്രീകരിച്ച് പണപ്പിരിവ് നടത്തിയ സിറിയൻ സംഘത്തിലെ പ്രധാനി അറസ്റ്റിൽ. സിറിയ സ്വദേശിയായ അലി മേഘട്ട് അൽ അസ്ഹറിനെയാണ് അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് ശനിയാഴ്ച അറസ്റ്റ് ചെയ്തത്.
ഇയാൾ ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയിലെത്തിയത്. പിന്നാലെ ഗാസയിലെ യുദ്ധബാധിതർക്കെന്ന വ്യാജേന മുസ്ലീം പള്ളികളിൽ പണപ്പിരിവ് നടത്തുകയായിരുന്നെന്നാണ് വിവരം. ഗുജറാത്ത് നഗരത്തിലെ മുസ്ലീം പള്ളികളിൽനിന്ന് പിരിച്ചെടുത്ത തുക അലി ആഡംബര ജീവിതം നയിക്കാനാണ് ഉപയോഗിച്ചതെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു.
അതേസമയം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ വിസ നിയമങ്ങൾ ലംഘിച്ചതായും കണ്ടെത്തി. ഇയാളുടെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് ക്രൈംബ്രാഞ്ച് കൂട്ടിച്ചേർത്തു. അലിക്കൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. കൂടാതെ പണപിരിവിന് പിന്നിലെ യഥാർത്ഥ ഉദ്ദേശ്യം കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.