തിരുവനന്തപുരം: തിരുവനന്തപുരം– കാസർകോട് വരെയുള്ള സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ റെയിൽവേ മന്ത്രാലയം സഹകരിക്കാത്ത സാഹചര്യത്തിൽ സംസ്ഥാനത്തിനു സാധ്യത, കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിനു കീഴിൽ നടപ്പാക്കാവുന്ന റീജനൽ റാപ്പിഡ് ട്രാൻസ്പോർട്ട് സിസ്റ്റം (ആർആർടിഎസ്) പദ്ധതി.
സിൽവർലൈൻ , 1989ലെ റെയിൽവേ ആക്ടിനു കീഴിൽവരുന്ന റെയിൽവേ പദ്ധതിയാണ്.അതേസമയം ആർആർടിഎസ് പദ്ധതികൾ 2002ലെ മെട്രോ ആക്ടിന്റെ പരിധിയിലാണു വരുന്നത്. ഡൽഹി–മീററ്റ് ആർആർടിഎസ് പദ്ധതി മാതൃകയിൽ തമിഴ്നാട് 3 പദ്ധതിക്കായി ഡിപിആർ പഠനം തുടങ്ങിയിട്ടുണ്ട്. സേലം–കോയമ്പത്തൂർ (185 കിമീ), ചെന്നൈ–വില്ലുപുരം (170 കിമീ), ചെന്നൈ–വെല്ലൂർ (140 കിമീ) റൂട്ടുകളിൽ 160 കിമീ വേഗം സാധ്യമാകുന്ന റാപ്പിഡ് റെയിൽ പദ്ധതികളാണു തമിഴ്നാട് പരിഗണിക്കുന്നത്.
കേന്ദ്രമന്ത്രി സുരേഷ്ഗോപി നെടുമ്പാശേരി–തൃശൂർ–പാലക്കാട് ആർആർടിഎസ് പദ്ധതിക്കായി മുൻപു കേന്ദ്ര നഗരകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. തിരുവനന്തപുരം മുതൽ തൃശൂർ വരെ റെയിൽവേ ഭൂമിയിൽനിന്നു അലൈൻമെന്റ് മാറുന്നതിനാൽ ആദ്യഘട്ടമായി തിരുവനന്തപുരം– തൃശൂരും രണ്ടാംഘട്ടമായി പുതിയ അലൈൻമെന്റിൽ തൃശൂർ മുതൽ കാസർകോട് വരെയും ആർആർടിഎസ് പദ്ധതി നടപ്പാക്കാൻ കഴിയും.