കൊല്ലം: തൃശ്ശൂരിൽ സെൻട്രൽ ഫൊറൻസിക് ലാബിനായി സംസ്ഥാന സർക്കാർ സ്ഥലം അനുവദിക്കാത്തതിൽ മുന്നറിയിപ്പുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തൃശ്ശൂരിനോട് സർക്കാരിന് അവഗണനയാണ്. ജില്ലയോട് വേർതിരിവു കാണിച്ചാൽ അത് മാറ്റാനറിയാമെന്നും സുരേഷ് ഗോപി കൊല്ലത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘ഇക്കാര്യത്തിൽ എന്തോ ഒരു രാഷ്ട്രീയം ഉണ്ടായിരിക്കണം.
അല്ലെങ്കിൽ തൃശ്ശൂരിനോട് എന്തിനാണ് ഈ ഒരു വൈരാഗ്യം. സർക്കാർ അത് തൃശ്ശൂരിലെ ജനങ്ങളോട് വ്യക്തമാക്കിയാൽ മതി. എല്ലാ ജില്ലകൾക്കും അവകാശങ്ങളുണ്ട്’, സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാനത്ത് വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിൽ വരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ ബിജെപി സർക്കാരോ ബിജെപി ഭരണത്തിന് തുല്യമായ അവസ്ഥയോ വന്നാൽ ഡബിൾ എഞ്ചിൻ സർക്കാരിന്റെ ഗുണം ലഭിക്കും.
ഇരട്ട എഞ്ചിൻ സർക്കാരിന്റെ ഗുണം ഏതൊക്കെ സംസ്ഥാനങ്ങൾക്ക് ലഭിച്ചു എന്ന് നോക്കൂ. തമിഴ്‌നാടിനെ നോക്കൂ. അവർ വ്യത്യസ്തരാണ്. ഒരു ഡബിൾ എഞ്ചിൻ സർക്കാർ ഇല്ലാത്ത അവസ്ഥയിലും ഒരു ഡബിൾ എഞ്ചിൻ സർക്കാരായാണ് അവർ പ്രവർത്തിക്കുന്നത്. ആരു ഭരിച്ചാലും കേന്ദ്രത്തിൽനിന്ന് കിട്ടേണ്ടതെല്ലാം തമിഴ്‌നാട് എങ്ങനെയെങ്കിലും വാങ്ങിയെടുത്ത് ജനങ്ങൾക്ക് കൊടുക്കും. കേരളത്തിലും അത്തരമൊരു സാഹചര്യം വരണമെങ്കിൽ ഇവിടെ ഒരു ബിജെപി സർക്കാർ, അല്ലെങ്കിൽ ബിജെപി ഭരണത്തിന് തുല്യമായ അവസ്ഥ വരണം, സുരേഷ് ഗോപി പറഞ്ഞു.

















































