ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ പ്രതിരോധ സേനാവിഭാഗങ്ങളുടെ മുഖമായി പ്രവർത്തിച്ച കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിക്കെതിരെ വീണ്ടും സുപ്രീം കോടതി. ഭീകരരുടെ സഹോദരിയെന്ന അധിക്ഷേപകരമായ പരാമർശത്തിൽ ബിജെപി മന്ത്രി കുൻവർ വിജയ് ഷാ നടത്തിയ ക്ഷമാപണത്തിൻ്റെ ഉദ്ദേശശുദ്ധിയിൽ സംശയം ഉയർത്തിയ കോടതി, അതിരൂക്ഷമായ വിമർശനമാണ് ഇന്ന് നടത്തിയതെന്ന് ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നു.
‘ഇത്തരമൊരു ക്ഷമാപണത്തിലൂടെ നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്? ഈ മനുഷ്യൻ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്. ഓൺലൈനിലൂടെ നടത്തിയ ക്ഷമാപണത്തിൽ അയാളുടെ ഉദ്ദേശം വ്യക്തമാണ്. ആ ഉദ്ദേശശുദ്ധിയിൽ അതുകൊണ്ടുതന്നെ സംശയവുമുണ്ട്,’ – സുപ്രീം കോടതി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് പറഞ്ഞു. വിജയ് ഷായുടെ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഡിവിഷൻ ബെഞ്ചിൻ്റെ ഭാഗത്ത് നിന്ന് മന്ത്രിക്കെതിരെ വിമർശനം ഉണ്ടായത്.
കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ വിജയ് ഷാക്കെതിരെ മധ്യപ്രദേശ് ഹൈക്കോടതി സ്വമേധയാ കേസെടുക്കാൻ ഉത്തരവിട്ടിരുന്നു. മെയ് 15 ന് ഇതേ ഹൈക്കോടതി വിജയ് ഷാക്കെതിരെ മധ്യപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ കേസിൽ അന്വേഷണ പുരോഗതി വിലയിരുത്തുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ രണ്ട് ഉത്തരവുകളും ചോദ്യം ചെയ്താണ് വിജയ് ഷാ സുപ്രീം കോടതിയെ സമീപിച്ചത്.
സീനിയർ അഭിഭാഷകനായ കെ പരമേശ്വറാണ് വിജയ് ഷായ്ക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്. വിജയ് ഷാ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഒരു പ്രത്യേക അന്വേഷണ സംഘത്തെ കോടതി ഉത്തരവിൻ്റെ അഠിസ്ഥാനത്തിൽ നിയോഗിച്ചിട്ടുള്ളതിനാൽ ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണ്ടെന്നുമാണ് അഭിഭാഷകൻ വാദിച്ചത്. വിജയ് ഷായുടെ മൊഴി എസ്ഐടി രേഖപ്പെടുത്തിയെന്നും ക്ഷമാപണം തിങ്കളാഴ്ച സമർപ്പിക്കാമെന്നും അഭിഭാഷകൻ വ്യക്തമാക്കി.
അധിക്ഷേപത്തിന് ഇരയായവരുടെ മൊഴി രേഖപ്പെടുത്താതെ പ്രതികളുടെ മൊഴി രേഖപ്പെടുത്താൻ തിടുക്കം കാട്ടിയതിന് എസ്ഐടി പ്രതിനിധിയെയും ഈ ഘട്ടത്തിൽ സുപ്രീം കോടതി വിമർശിച്ചു. അതിൻ്റെ അത്യാവശ്യം എന്തായിരുന്നുവെന്നും ജസ്റ്റിസ് സൂര്യ കാന്ത് ചോദിച്ചു. എസ്ഐടി അന്വേഷണം ആഗസ്റ്റ് 13 നകം പൂർത്തിയാക്കും എന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി. വിജയ് ഷായെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ജയ താക്കൂർ സമർപ്പിച്ച ഹർജി ഉചിതമായ ഫോറത്തിൽ അപേക്ഷിക്കാൻ നിർദേശിച്ച് തള്ളി.