താമരശ്ശേരി: പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ മൂന്നു പേർ കഴിഞ്ഞ വർഷവും മറ്റു വിദ്യാർഥികളെ മർദിച്ചിരുന്നു. ഒൻപതാം ക്ലാസ് വിദ്യാർഥികളായിരുന്ന ഇവർ താമരശ്ശേരി സ്കൂളിലെ പത്താം ക്ലാസുകാരെയാണ് മർദിച്ചത്. സ്കൂളിനു സമീപത്തും വയലിലുമായാണ് അന്ന് സംഘട്ടനമുണ്ടായത്. ഇവരുടെ മർദ്ദനത്തിൽ രണ്ടു കുട്ടികൾക്ക് പരുക്കേറ്റു. രക്തമുൾപ്പെടെ റോഡിൽ വീണിരുന്നു. മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ അന്നു മർദിച്ച വിദ്യാർഥികൾക്ക് പൂർണ പിന്തുണയുമായി രക്ഷിതാക്കൾ എത്തുകയായിരുന്നു.
അതേ സമയം വിദ്യാർഥികൾ എന്തു കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടില്ലെന്ന ഉറപ്പിലാണ് വിദ്യാർഥികൾ അക്രമം നടത്തുന്നതെന്ന് താമരശ്ശേരി സ്കൂൾ പിടിഎ അംഗായ പി.ടി. നജീബ് പറഞ്ഞു. ‘‘ഇന്ന് വിദ്യാർഥികളെ ശകാരിക്കുന്നതിനു പോലും അധ്യാപകർക്ക് ഭയമാണ്. വിദ്യാർഥികൾ എന്തു ചെയ്താലും അതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ചില രക്ഷിതാക്കൾക്ക്. അതിനാൽ എന്തും ചെയ്യാമെന്ന നിലയിലേക്ക് കുറച്ചു കുട്ടികൾ മാറി. എന്റെ മകന്റെ അടുത്ത സുഹൃത്താണ് ഷഹബാസ്. ഷഹബാസിന്റെ പിതാവ് ഇക്ബാലും ഞാനും സഹപാഠികളായിരുന്നു. പ്രതികളായ 5 കുട്ടികളുടെയും രക്ഷിതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്.
പലപ്പോഴും വിദ്യാർഥികളെ നിയന്ത്രിക്കാൻ രക്ഷിതാക്കൾ തയാറാകുന്നില്ല. പല കുട്ടികളും പെരുമാറുന്നത് കുട്ടികളെപ്പോലെയല്ല. ചിലരെല്ലാം ക്രിമിനൽ മനസ്സുള്ളവരാണ്. അവർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാൻ അധ്യാപകർക്ക് കഴിയുന്നില്ല. അധ്യാപകരിൽ പലരും കുട്ടികളെ ഭയന്നാണ് ജീവിക്കുന്നത്. രക്ഷിതാക്കൾ കുട്ടികൾ ചെയ്യുന്നതിനെല്ലാം പൂർണ പിന്തുണ നൽകുന്നത് വലിയ പ്രത്യാഘാതമാണുണ്ടാക്കുന്നത്. ഷഹബാസ് യാതൊരു പ്രശ്നത്തിലും ഇടപെടാത്തവനാണ്. ഇതിനു മുൻപ് എന്തെങ്കിലും പ്രശ്നത്തിൽ ഇടപെട്ടതായി അറിവില്ല.’’ നജീബ് മനോരമ ഓൺലൈനോടു പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച സ്വകാര്യ ട്യൂഷൻ സെന്ററിലെ ഫെയർവെൽ പരിപാടിക്കിടെ ഇതേ സ്കൂളിലെ വിദ്യാർഥികൾ നൃത്തം ചെയ്യുമ്പോൾ സാങ്കേതിക തടസ്സമുണ്ടായി. പാട്ട് നിലച്ചതും താമരശ്ശേരി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ കൂവി. ഇതോടെ വിദ്യാർഥികൾ തമ്മിൽ സംഘർഷമായി. അന്ന് ട്യൂഷൻ സെന്ററിലെ അധ്യാപകർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഇതിനുശേഷമാണ് വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി പ്രതികാരം ചെയ്യാനുള്ള ആസൂത്രണങ്ങൾ വിദ്യാർഥികൾ നടത്തിയത്. എളേറ്റിൽ വട്ടോളിയിലെ എംജെ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് ഷഹബാസ്.