തിരുവനന്തപുരം: തൃശൂരിൽ നടക്കാനിരിക്കുന്ന 64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവ വേദികളുടെ പേരുകളിൽ ഇനി താമരയെയും ഉൾപ്പെടുത്തി. ഇത്തവണത്തെ കലോത്സവ വേദികൾക്ക് വിവിധ പൂക്കളുടെ പേരുകളാണ് നല്കിയിരിക്കുന്നത്. എന്നാൽ, ആദ്യം വേദികളുടെ പേരുകളിൽ താമര ഉണ്ടായിരുന്നില്ല. അക്കാരണത്താൽ വിവാദങ്ങളും ഉയർന്നു. തുടര്‍ന്നാണ് വേദി 15ന് താമര എന്ന പേര് നൽകിയത്.
നേരത്തെ വേദി 15ന് ഡാലിയ എന്ന പേരാണ് നൽകിയിരുന്നത്. സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ ഒരു വേദിക്ക് താമര എന്ന പേര് നൽകുമെന്നും വിവാദങ്ങളിലേക്ക് പോകേണ്ട എന്ന് കരുതിയാണ് ഈ തീരുമാനമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കലോത്സവം ഭംഗിയായി നടത്തി എല്ലാവരുമായി സഹകരിച്ച് പോവാനാണ് ആഗ്രഹിക്കുന്നതെന്നും താമര എന്ന പേര് ഉള്‍പ്പെടുത്തണമെന്ന ആവശ്യം പരിഗണിച്ചാണ് നടപടിയെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
സംസ്ഥാന കലോല്ത്സവത്തിനായി 25 വേദികളാണ് സജ്ജീകരിക്കുന്നത്. സൂര്യകാന്തി, പാരിജാതം, നീലക്കുറിഞ്ഞി, പവിഴമല്ലി, ശംഖുപുഷ്പം, ചെമ്പകം, മന്ദാരം, കനകാംബരം, ഗുൽമോഹര്‍, ചെമ്പരത്തി, കര്‍ണികാരം, നിത്യകല്ല്യാണി, പനിനീര്‍പ്പു, നന്ത്യാര്‍വട്ടം, ഡാലിയ, വാടാമല്ലി, മുല്ലപ്പൂവ്, ആമ്പൽപ്പൂവ്, തുമ്പപ്പൂവ്, കണ്ണാന്തളി, പിച്ചകപ്പൂ, ജമന്തി, തെച്ചിപ്പൂവ, താഴമ്പൂ, ചെണ്ടുമല്ലി തുടങ്ങിയ 25 പൂക്കളുടെ പേരുകളാണ് വേദികള്‍ക്ക് നല്കിയിരുന്നത്. അക്കൂട്ടത്തിൽ നിന്നും താമര ഒഴിവാക്കിയതിനെതിരെയായിരുന്നു പ്രതിഷേധം ഉയർന്നത്.
ഇന്നലെ കലോത്സവ വളണ്ടിയര്‍മാരുടെ യോഗം നടന്നിരുന്ന തൃശൂര്‍ ടൗണ്‍ഹാളിലേക്ക് താമര പൂക്കൾ പിടിച്ച് യുവമോര്‍ച്ച മാര്‍ച്ച് നടത്തുകയുണ്ടായി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ബിജെപിയുടെ ചിഹന്മായതിനാലാണ് താമര ഒഴിവാക്കിയതെന്നായിരുന്നു മന്ത്രി വി ശിവൻകുട്ടി ആദ്യം വിശദീകരിച്ചത്. എന്നാൽ, ദേശീയ പുഷ്പമാണ് താമരയെന്നും അത് ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്നും യുവമോര്‍ച്ച ആവർത്തിച്ചു.
വിവാദങ്ങൾക്കൊടുവിൽ കലോത്സ വേദികളുടെ പേരുകളിൽ അങ്ങനെ താമരയും ഇടം നേടി.വേദി 15ന് താമര പേര് ഉള്‍പ്പെടുത്താനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി എറണാകുളം മേഖലാ പ്രസിഡന്റ് എ. നാഗേഷ് പ്രതികരിച്ചു.
ജനുവരി 14 മുതൽ 18വരെയാണ് തൃശൂരിൽ 64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുക. കലോത്സവത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
















































