കട്ടക്ക്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ പരുക്കിനെ തുടർന്നു മാറി നിന്ന ശേഷം ട്വന്റി20യിൽ ടീമിലേക്കു തിരിച്ചെത്തിയ ആദ്യ മത്സരത്തിൽ തന്നെ അമ്പേ പരാജയമായി വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. മത്സരത്തിൽ രണ്ടു പന്തുകൾ നേരിട്ട ഗിൽ നാലു റൺസെടുത്തു പുറത്തായി. ലുങ്കി എൻഗിഡിയുടെ ആദ്യ ഓവറിലെ മൂന്നാം പന്തിൽ അനായാസമായൊരു ക്യാച്ചെടുത്ത് മാർകോ യാൻസനാണു ഗില്ലിനെ മടക്കിയത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിനിടെയാണ് ഗില്ലിനു കഴുത്തിനു പരുക്കേറ്റത്. പിന്നാലെ ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും നഷ്ടമായ ഗിൽ, ബിസിസിഐ ‘സെന്റർ ഓഫ് എക്സലൻസിന്റെ’ പ്രത്യേക അനുമതിയോടെയാണ് ട്വന്റി20 കളിക്കാനെത്തിയത്. എന്നാൽ ആദ്യ പോരാട്ടത്തിൽ നിരാശ സമ്മാനിക്കുകയായിരുന്നു.
ട്വന്റി20 ടീമിൽ ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റനായെത്തിയതോടെ, സഞ്ജു സാംസണിന്റെ ഓപ്പണർ സ്ഥാനം നേരത്തേതന്നെ നഷ്ടമായിരുന്നു. അതേസമയം സഞ്ജുവിനു പകരമായി ഓപ്പണറായി ഇറങ്ങിയെങ്കിലും ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലും ഗില്ലിന് കാര്യമായ സ്കോറൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ട്വന്റി20 ലോകകപ്പ് അടുത്തിരിക്കെ വരും മത്സരങ്ങളിലും ഗില്ലിന് ഫോം കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ അതു ബിസിസിഐയ്ക്കും തലവേദനയാകുമെന്നുറപ്പ്. അതേസമയം ഒന്നാം ട്വന്റി20യിൽ ജിതേഷ് ശർമ വിക്കറ്റ് കീപ്പറായി എത്തിയതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ സഞ്ജുവിന് കളത്തിലിറങ്ങാനുള്ള അവസരവും നഷ്ടമായി.















































