ലോർഡ്സ്: ഇതു ഒരു പ്രതികാരമാണ്, നിർണായക ഘട്ടത്തിൽ കളി മറന്നുപോകുമെന്ന് കളിയാക്കിയവർക്കുള്ള ചുട്ട മറുപടി. അതും ക്രിക്കറ്റിന്റെ മെക്കയെന്നു കരുതുന്ന ലോഡ്സിലെ വിഖ്യാതമായ മൈതാനത്ത്, ഓസ്ട്രേലിയയ്ക്കെതിരെ ദക്ഷിണാഫ്രിക്ക കുറിച്ചത് പുതു ചരിതം. അതും രാജകീയമായിത്തന്നെ. 27 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഒരു ഐസിസി കിരീടം ദക്ഷിണാഫ്രിക്കൻ മണ്ണിലേക്കെത്തുന്നത്. ലോർഡ്സിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ അഞ്ചു വിക്കറ്റിന് കീഴടക്കിയാണ് ദക്ഷിണാഫ്രിക്ക ജേതാക്കളായത്. ഐസിസി ടൂർണമെന്റുകളിലെ നോക്കൗട്ട് ഘട്ടങ്ങളിൽ വീണുപോകുന്നവരെന്ന പഴി ഇനി ദക്ഷിണാഫ്രിക്കയ്ക്കില്ല.
കഴിഞ്ഞ വർഷം ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയോടേറ്റ തോൽവിയിൽ വേദനിച്ച ആരാധകർക്ക് മറ്റൊരു ഐസിസി കിരീടത്തോടെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം ആശ്വാസമേകിയിരിക്കുന്നു. 1998-ൽ ബംഗ്ലാദേശിൽ നടന്ന ഐസിസി നോക്കൗട്ട് ട്രോഫി വിജയിച്ച ശേഷം 27 വർഷങ്ങൾക്കിപ്പുറം ദക്ഷിണാഫ്രിക്കയ്ക്ക് മറ്റൊരു ഐസിസി കിരീടം കൂടി.
ഓസ്ട്രേലിയ ഉയർത്തിയ 282 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നാണ് ദക്ഷിണാഫ്രിക്ക കിരീടത്തിൽ മുത്തമിട്ടത്. സ്കോർ: ഓസ്ട്രേലിയ– 212, 207. ദക്ഷിണാഫ്രിക്ക–138, അഞ്ചിന് 282. സെഞ്ചുറിയുമായി മുന്നിൽ നിന്ന് നയിച്ച ഓപ്പണർ ഏയ്ഡൻ മാർക്രത്തിന്റെ ഇന്നിങ്സാണ് ദക്ഷിണാഫ്രിക്കയെക്കൊണ്ട് ലോക കിരീടം തൂക്കിച്ചത്. 207 പന്തുകൾ നേരിട്ട മാർക്രം 136 റൺസെടുത്ത് ടീം വിജയത്തിന് തൊട്ടടുത്തെത്തിയപ്പോഴാണ് പുറത്തായത്. ജയിക്കാൻ ആറു റൺസ് വേണ്ടിയിരുന്നപ്പോൾ കൂറ്റനടിക്ക് ശ്രമിച്ച മാർക്രത്തിന് ചുവട്പിഴയ്ക്കുകയായിരുന്നു.
പക്ഷെ കാലിലെ പേശീവലിവ് അലട്ടിയിട്ടും അതൊന്നും കാര്യമാക്കാതെ ടീമിനായി ക്രീസിൽ തുടർന്ന ക്യാപ്റ്റൻ ടെംബ ബവുമയുടെ ഇന്നിങ്സ് ക്രിക്കറ്റ് പ്രേമികൾക്ക് മറക്കാനാവില്ല. മൂന്നാം വിക്കറ്റിൽ മാർക്രം – ബവുമ സഖ്യം കൂട്ടിച്ചേർത്ത 147 റൺസിന്റെ നിർണായക കൂട്ടുകെട്ടാണ് കിരീട വിജയത്തിൽ നിർണായകമായത്. 134 പന്തുകൾ കീസിൽ നിന്ന് 66 റൺസെടുത്താണ് ബവുമ മടങ്ങിയത്. അഞ്ചു ബൗണ്ടറികളടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്സ്. 21 റൺസുമായി ഡേവിഡ് ബെഡിങ്ങാമും നാലു റൺസുമായി കൈൽ വെരെയ്‌നും പുറത്താകാതെ നിന്നു.
രണ്ടു വിക്കറ്റ് നഷ്ടത്തിൽ 213 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് തുടങ്ങിയ പ്രോട്ടീസിന് ടെംബ ബവുമയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. നാലാം ദിനം ബാറ്റിങ് ആരംഭിച്ച അവർക്ക് നാലു റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും വിക്കറ്റ് നഷ്ടമായി. ബവുമയെ, പാറ്റ് കമ്മിൻസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്‌സ് കാരി പിടികൂടുകയായിരുന്നു. തുടർന്ന് മാർക്രത്തിന് പിന്തുണ നൽകി ക്രീസിൽ തുടർന്ന ട്രിസ്റ്റൻ സ്റ്റബ്ബ്സിനെ സ്റ്റാർക്ക് പുറത്താക്കി. 43 പന്തുകൾ നേരിട്ട് എട്ടു റൺസായിരുന്നു സ്റ്റബ്ബ്സിന്റെ സമ്പാദ്യം.
നേരത്തെ ഓസ്ട്രേലിയയുടെ രണ്ടാമിന്നിങ്സ് 207 റൺസിന് അവസാനിച്ചിരുന്നു. ആദ്യ ഇന്നിങ്സിൽ 74 റൺസ് ലീഡ് നേടിയിരുന്ന ഓസീസിന് മൊത്തം 281 റൺസ് ലീഡ് ലഭിച്ചു. 282 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പ്രോട്ടീസിന് മൂന്നാം ഓവറിൽ തന്നെ ഓപ്പണർ റയാൻ റിക്കെൽട്ടണെ നഷ്ടമായിരുന്നു. ആറു റൺസെടുത്ത താരത്തെ മിച്ചൽ സ്റ്റാർക്കാണ് പുറത്താക്കിയത്. പിന്നാലെ രണ്ടാം വിക്കറ്റിൽ മാർക്രം – വിയാൻ മൾഡർ സഖ്യം 61 റൺസ് ചേർത്തതോടെ പ്രോട്ടീസ് ഇന്നിങ്‌സ് ട്രാക്കിലായി. 50 പന്തിൽ നിന്ന് 27 റൺസെടുത്ത മൾഡറെയും സ്റ്റാർക്കാണ് പുറത്താക്കിയത്.
അതുപോലെ 1998ലെ ചാംപ്യൻസ് ട്രോഫി വിജയത്തിനു ശേഷം ഐസിസി ടൂർണമെന്റുകളിൽ പറയത്തക്ക കിരീട നേട്ടങ്ങളൊന്നുമില്ലാതെ വിഷമിച്ച ദക്ഷിണാഫ്രിക്കയുടെ രാജകീയ തിരിച്ചുവരവാണ് ലോഡ്സിലെ ഈ കിരീടവിജയം. ടെസ്റ്റ് ചാംപ്യൻഷിപ് കാലയളവിൽ നടന്ന 12 മത്സരങ്ങളിൽ 8 എണ്ണം ജയിച്ച് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായി ലോഡ്സിൽ ഫൈനൽ കളിക്കാനെത്തിയ ദക്ഷിണാഫ്രിക്ക, ആ മുന്നേറ്റത്തിനൊത്ത രാജകീയ വിജയത്തോടെയാണ് കിരീടം ചൂടിയത്. ഈ കാലയളവിൽ 19 മത്സരങ്ങളിൽ 13 എണ്ണവും ജയിച്ച് രണ്ടാം സ്ഥാനക്കാരായാണ് നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയ ഫൈനലിൽ കടന്നത്.
















































