സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ് ഒരു കുഞ്ഞനും അവന്റെ അച്ഛനു കൊടുത്ത എട്ടിന്റെ പണിയും. അവന്റെ നിഷ്കളങ്കതയും അപ്പനെ സഹായിക്കാനുള്ള മനസും കാരണം അച്ഛന്റെ പോക്കറ്റ് കീറിയെന്നത് വാസ്തവം. പെട്രോളിന്റെ വില റോക്കറ്റ് പോലെ കുതിക്കുമ്പോൾ കുഞ്ഞനെ കുറ്റം പറയാനുമാകില്ല. അപ്പന് ഒരു സഹായമാകട്ടെ എന്ന കരുതിയായിരിക്കും കുഞ്ഞ് ബൈക്കിന്റെ പെട്രോൾ ടാങ്കിൽ കുറച്ച് വെള്ളം ഒഴിച്ച് നൽകിയത്.
അനീഷ് പോത്തൻ എന്നയാളാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഈ വീഡിയോ പങ്കുവെച്ചത്. ‘കുരുത്തം കെട്ടവൻ അപ്പന്റെ ബൈക്കിന്റെ പെട്രോൾ ടാങ്ക് തുറന്ന് ഫുൾ വെള്ളം ഒഴിച്ച് വെച്ചിട്ട് എന്ത് സിമ്പിൾ ആയിട്ട പറയുന്നത്’ – എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ നീ എന്താ ബൈക്കിൽ ചെയ്തത് എന്ന് മകനോട് ചോദിക്കുന്നുണ്ട്. അതിന് വളരെ നിഷ്കളങ്കമായി ‘വെള്ളമൊഴിച്ചു’ എന്ന മറുപടിയാണ് കുഞ്ഞ് നൽകുന്നത്.
എവിടെയാണ് വെള്ളമൊഴിച്ചതെന്ന് ചോദിക്കുമ്പോൾ, ‘വാ, കാണിച്ചു തരാം’ എന്നാണ് കുഞ്ഞ് പറയുന്നത്. എവിടെയാ ഒഴിച്ചതെന്ന് വീണ്ടും ചോദിക്കുമ്പോൾ ‘വാാ’ എന്ന് വീണ്ടും വിളിക്കുകയാണ്. എന്നാൽ, ബൈക്ക് ഇവിടെയില്ലെന്നും നന്നാക്കാൻ കൊടുത്തിരിക്കുകയാണെന്നും മോൻ എവിടെയാണ് വെള്ളം ഒഴിച്ചതെന്നും സ്നേഹത്തോടെ അച്ഛൻ ചോദിക്കുകയാണ്. അപ്പോൾ, ‘അപ്പേന്റെ വണ്ടീല്’ എന്ന് പറയുന്നു. എവിടെയാണ് ഒഴിച്ചതെന്ന് ചോദിക്കുമ്പോൾ വണ്ടിയുടെ ബാക്ക് വശത്താണെന്ന് പറയുന്നു. എങ്ങനെയാണ് തുറന്നതെന്ന ചോദ്യത്തിന്, പഴയ താക്കോല് കൊണ്ട് തുറന്നെന്നാണ് മറുപടി. താക്കോലിട്ട് തുറന്നതിനു ശേഷം ഒരു കുപ്പിയിൽ വെള്ളമെടുത്ത് ശീന്ന് വണ്ടിയിൽ ഒഴിച്ചിട്ട് കുപ്പി കളഞ്ഞെന്നും കുഞ്ഞ് വ്യക്തമാക്കുന്നു. അതിനു ശേഷം വീട്ടിലേക്ക് കയറിപ്പോന്നെന്നും കുഞ്ഞ് പറയുന്നു.
പെട്രോൾ ടാങ്കില് എത്രത്തോളം വെള്ളമൊഴിച്ചെന്ന് ചോദിക്കുമ്പോൾ കുറച്ച് വെള്ളമേ ഒഴിച്ചുള്ളൂവെന്നും കുഞ്ഞ് പറയുന്നു. നിഷ്കളങ്കമായ ഈ വീഡിയോക്ക് നിരവധി കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. ‘പാവം പെട്രോളിന്റെ വില കേട്ടപ്പോ അപ്പക്കൊരു ഹെൽപ് ആയിക്കോട്ടെ വിചാരിച്ചു. അത് തെറ്റാണോ അപ്പേ’, ‘പച്ചവെള്ളത്തിൽ പ്രവർത്തിക്കുന്ന ബൈക്ക് അപ്പന് സർപ്രൈസായിട്ട് നിർമിച്ചു നൽകുന്ന മോന്റെ വീഡിയോയും വരും ഒരുനാൾ’, ‘പിന്നെ അല്ലാതെ കൊച്ചിന് പറ്റുന്നതേ ചെയ്യാൻ പറ്റു’, ‘അപ്പന്റെ പൈസയ്ക്ക് വില തരുന്ന മോനെ അഭിനന്ദിക്കണം’ – ഇങ്ങനെ പോകുന്നു കമന്റുകൾ.
View this post on Instagram