ന്യൂഡൽഹി: നടൻ വിജയിയുടെ റാലിൽ ഉണ്ടായ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതി നടപടികളിൽ സംശയം ഉന്നയിച്ച് സുപ്രീം കോടതി. കേസുകൾ ലിസ്റ്റ് ചെയ്യുന്നതിലും വാദംകേൾക്കുന്നതിലും മദ്രാസ് ഹൈക്കോടതിയിൽ ‘തെറ്റായി എന്തോ സംഭവിക്കുന്നെ’ന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ കെ.ജെ. മഹേശ്വരി, വിജയ് ബിഷ്ണോയി എന്നിവരുൾപ്പെട്ട ബെഞ്ചാണ് നിരീക്ഷണം നടത്തിയത്.
കേസുകൾ ലിസ്റ്റ് ചെയ്യുന്നതിലും വാദം കേൾക്കുന്നതിലും പാലിക്കുന്ന നിയമ നടപടിക്രമങ്ങൾ സംബന്ധിച്ചാണ് സുപ്രീം കോടതി സംശയമുന്നയിച്ചത്. തുടർന്ന് മദ്രാസ് ഹൈക്കോടതി രജിസ്ട്രാറെ കക്ഷി ചേർത്ത് നോട്ടീസ് അയച്ചു. ഹൈക്കോടതിയിൽ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.



















































