കര്‍ണാടക: ചിത്രദുർഗയിൽ കണ്ടെയ്‌നർ ലോറി സ്ലീപ്പർ ബസിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്നുണ്ടായ തീപ്പിടിത്തത്തിൽ 17 പേർക്ക് ദാരുണാന്ത്യം. ബെംഗളൂരുവിൽനിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഗോർലത്തു ക്രോസിൽ ദേശീയപാത 48-ലാണ് അപകടമുണ്ടായത്. ഹിരിയൂരിൽ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ലോറി ഡിവൈഡർ മറികടന്ന് എതിരെ വന്ന ബസിൽ ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബസ് തീപിടിക്കുകയും പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് ചിത്രദുർഗ പോലീസ് പറഞ്ഞു. ലോറി ഡ്രൈവർ മരിച്ചു. ബസിൽ 32 പേർ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.
ഔദ്യോഗിക മരണസംഖ്യ പരിശോധനകൾക്ക് ശേഷം ലഭ്യമാക്കുമെന്ന് പോലീസ് അറിയിച്ചു. രക്ഷപ്പെട്ടവരിൽ പലർക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയി.



















































