ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യൻ വംശജയായ ആറ് വയസുകാരിക്ക് കുട്ടികളുടെ വംശീയാധിക്ഷേപം. വാട്ടർഫോർഡിലാണ് സംഭവം. പന്ത്രണ്ടിനും പതിനാലിനും ഇടയിൽ പ്രായമുള്ള അഞ്ചോളം ആൺകുട്ടികളാണ് കുട്ടിയെ വംശീയമായി അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തത്.
ഇന്ത്യക്കാർ വൃത്തികെട്ടവരാണെന്നും സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ എന്ന് പറഞ്ഞും ആൺകുട്ടികൾ ആക്രോശിച്ചു. ഇവർ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും മുഖത്തും ഇടിക്കുകയും മുടിയിൽ പിടിച്ച് വലിക്കുകയും ചെയ്തതായും ആരോപണമുണ്ട്. കുട്ടിയുടെ അമ്മ അയർലൻഡിൽ നഴ്‌സാണ്. കഴിഞ്ഞ എട്ട് വർഷമായി ഇവർ ഇവിടെ താമസിച്ചുവരികയാണ്. അയർലൻഡിൽ ഇന്ത്യൻ വംശജയായ കുട്ടി ഇത്തരത്തിൽ വംശീയ അധിക്ഷേപം നേരിടുന്നത് ഇത് ആദ്യ സംഭവമാണെന്നാണ് പുറുത്തുവരുന്ന റിപ്പോർട്ട്.
കഴിഞ്ഞ ഓഗസ്റ്റ് നാലിന് വൈകിട്ടായിരുന്നു സംഭവം. വംശീയ അധിക്ഷേപം നേരിട്ട കുട്ടി മറ്റ് കുട്ടികൾക്കൊപ്പം വീടിന് പുറത്ത് കളിക്കുകയായിരുന്നു. ഈ സമയം കുട്ടിയുടെ മാതാവ് കുട്ടിയെ നിരീക്ഷിച്ച് വീടിന് പുറത്തുണ്ടായിരുന്നു. ഇതിനിടെ ഇവരുടെ പത്ത് മാസം പ്രായമായ കുഞ്ഞ് കരയുകയും കുഞ്ഞിന് പാൽ നൽകുന്നതിനായി ഇവർ അകത്തേയ്ക്ക് പോകുകയും ചെയ്തു.
പിന്നാലെ പെൺകുട്ടി വീട്ടിലേക്കു കയറി വരികയും ഒന്നും സംസാരിക്കാതെ കരയുകയും ചെയ്തു. കുട്ടിയുടെ സുഹൃത്തായ പെൺകുട്ടിയോട് ചോദിച്ചപ്പോഴാണ് ആൺകുട്ടികളിൽ നിന്ന് നേരിട്ട അധിക്ഷേപത്തെക്കുറിച്ച് പറയുന്നത്. അഞ്ചോളം പേർ ചേർന്നാണ് കുട്ടിയോട് അതിക്രമം കാട്ടിയതെന്ന് സുഹൃത്തായ കുട്ടി പറഞ്ഞതായി കുട്ടിയുടെ അമ്മ അനുപ അച്യുതൻ പറഞ്ഞു. സൈക്കിളിൽ എത്തിയ അവർ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഇടിക്കുകാണ് ആദ്യം ചെയ്തത്. തുടർന്ന് അശ്ലീല വാക്ക് ഉപയോഗിച്ച കുട്ടികൾ ഇന്ത്യക്കാർ വൃത്തികെട്ടവരാണെന്ന് പറഞ്ഞു. രാജ്യത്തേക്ക് മടങ്ങിപ്പോകാനും പറഞ്ഞു.
കൂടാതെ പെൺകുട്ടിയുടെ കഴുത്തിലും അവർ ഇടിച്ചു. മുടിയിൽ പിടിച്ച് വലിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം മകൾ ആകെ തകർന്നുവെന്നും പുറത്തുപോയി കളിക്കാൻ ഇപ്പോൾ ഭയമാണെന്നും അമ്മ പറയുന്നു. സ്വന്തം വീട്ടിൽ പോലും തങ്ങൾ സുരക്ഷിതരല്ലെന്നും അനുപ പറഞ്ഞു. ഭയമില്ലാതെ അവൾക്ക് ഇനി പുറത്ത് കളിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. അവളുടെ കാര്യം ആലോചിക്കുമ്പോൾ തനിക്ക് വിഷമമുണ്ട്. അവൾക്ക് ആ സമയത്ത് സംരക്ഷണം നൽകാൻ തനിക്ക് സാധിച്ചില്ല. ഇങ്ങനെ ഒരു സംഭവം ഉണ്ടാകുമെന്ന് താൻ കരുതിയില്ല. അവൾ ഇവിടെ സുരക്ഷിതയാണെന്നാണ് താൻ കരുതിയതെന്നും അമ്മ പറഞ്ഞു.
ആ സംഭവത്തിന് ശേഷം ആ കുട്ടികൾ വീടിന് സമീപം തന്നെയുണ്ട്. ഏകദേശം പന്ത്രണ്ടും പതിനാലും വയസ് മാത്രമാണ് അവർക്ക്. താൻ അവളുടെ മാതാവാണെന്ന് അവർക്ക് അറിയാം. തന്നെ നോക്കി അവർ കളിയാക്കി ചിരിക്കുകയാണെന്നും അമ്മ പറഞ്ഞു. സംഭവത്തെക്കുറിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥയോട് പറഞ്ഞിരുന്നു. എന്നാൽ അവർ കൃത്യമായ നടപടി സ്വീകരിക്കാൻ തയ്യാറായില്ല. കൗൺസിലിംഗ് നൽകുകയാണ് വേണ്ടത്. വിഷയത്തിൽ കൃത്യമായ ഇടപെടൽ ആവശ്യമാണ്. സർക്കാർ വിഷയത്തിൽ ഇടപെടുമെന്നുള്ള പ്രതീക്ഷയില്ല. ഏറെ ബുദ്ധിമുട്ടിയാണ് ഇവിടെ പിടിച്ചു നിൽക്കുന്നതതെന്നും കുട്ടിയുടെ അമ്മ പറയുന്നു.