തിരുവനന്തപുരം: സുപ്രിം കോടതിവരെയെത്തിയ വിസി നിയമനത്തിൽ ഗവർണർ- സർക്കാർ സമവായമായി. സിസ തോമസിനെ കെടിയു (എപിജെ അബ്ദുൾ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി) വൈസ് ചാൻസലറാക്കി ലോക്ഭവൻ ഉത്തരവിറക്കി. സജി ഗോപിനാഥിനെ ഡിജിറ്റൽ സർവകലാശാല വിസിയായും നിയമിച്ചു. ഇരുവരുടെയും നിയമനം നാലുവർഷത്തേക്കാണ്. ഗവർണർ- മുഖ്യമന്ത്രി കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് നിർണായക തീരുമാനം. ഗവർണറുടെ നോമിനിയാണ് സിസ തോമസ്.
അതേസമയം കേരള ശാസ്‌ത്ര സാങ്കേതിക സർവകലാശാല, കേരള ഡിജിറ്റൽ സർവകലാശാലാ വിസി നിയമനത്തിൽ സുപ്രീംകോടതി നിർദേശപ്രകാരമുള്ള സമവായത്തിൽ എത്തുന്നതിൽ സർക്കാരും ഗവർണറും പരാജയപ്പെട്ടിരുന്നു. തുടർന്ന് സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ സെർച്ച് കമ്മിറ്റിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ അഭിപ്രായ പ്രകാരമുള്ള മുൻഗണനാ ക്രമം നിശ്ചയിച്ച് ഗവർണർക്ക് കൈമാറണമെന്നായിരുന്നു സുപ്രീം കോടതി നിർദ്ദേശം. മാത്രമല്ല രണ്ടാഴ്ചയ്ക്കകം ചാൻസലർ കൂടിയായ ഗവർണർ തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അതുപോലെ മുഖ്യമന്ത്രി നൽകിയ പേരുകളിൽ എന്തെങ്കിലും വിയോജിപ്പോ അഭിപ്രായ വ്യത്യാസമോ ഉണ്ടെങ്കിൽ ചാൻസലർക്ക് അക്കാര്യം അറിയാക്കാമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.
ഇതിനിടെ മുഖ്യമന്ത്രി മുൻഗണന നിശ്ചയിച്ച് പേരുകൾ കൈമാറിയിട്ടും തീരുമാനം എടുക്കാൻ ഗവർണർ കാലതാമസം വരുത്തിയത് സുപ്രീം കോടതിയുടെ വിമർശനത്തിന് വഴിതെളിച്ചിരുന്നു. സ്ഥിരം വിസിമാരുടെ നിയമനം സുപ്രീം കോടതി നേരിട്ട് നടത്തുമെന്നും പറഞ്ഞിരുന്നു. പിന്നാലെ വിസി നിയമനത്തിനായി മുദ്ര വെച്ച് കവറിൽ ഓരോ പേരുകൾ വീതം നൽകാൻ സുപ്രീം കോടതി സുധാൻശു ധൂലിയ കമ്മിറ്റിയോട് നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നടത്തിയത്.
















































