തിരുവനന്തപുരം: വസ്ത്രധാരണ ശൈലി കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെടുന്ന ഗായികയാണ് ഉഷ ഉതുപ്പ്. കടുംനിറത്തിലുള്ള സാരിയും വലിയ പൊട്ടും അതിനിണങ്ങുന്ന രീതിയിലുള്ള ആക്സസറീസുമാണ് ഉഷ ഉതുപ്പിന്റെ എക്കാലത്തെയും സ്റ്റൈൽ. വലിയ സാരി പ്രേമിയായ ഗായികയ്ക്ക് സാരികളുടെ വലിയ ശേഖരം തന്നെയുണ്ട്. ഇപ്പോഴിതാ തന്റെ വസ്ത്രധാരണത്തെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ അഭിമുഖത്തിൽ ഗായിക പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഉഷ ഉതുപ്പിന്റെ കൈവശം ഒന്നര കോടി രൂപയുടെ കാഞ്ചിപുരം സാരികൾ ഉണ്ടെന്നാണല്ലോ പറയപ്പെടുന്നതെന്നും അതിന്റെ സത്യം എന്താണെന്നും അഭിമുഖത്തിനിടെ അവതാരകൻ ചോദിച്ചു. അതിനു വളരെ സരസമായാണ് ഗായിക മറുപടി നൽകിയത്. ഒന്നരക്കോടി രൂപയുടെ സാരി പോയിട്ട് താൻ ഒന്നരക്കോടി രൂപ തികച്ചു കണ്ടിട്ടുപോലുമില്ലെന്ന് ഗായിക പറഞ്ഞു. താൻ ഇതുവരെ ധരിച്ചതിൽ ഏറ്റവും വില കൂടിയ സാരിയെക്കുറിച്ചും ഗായിക വാചാലയായി. കഴിഞ്ഞ വർഷം പത്മഭൂഷൺ പുരസ്കാരം സ്വീകരിക്കാൻ പോയ വേളയിലാണ് താൻ ഇതുവരെ ധരിച്ചതിൽ ഏറ്റവും വിലകൂടിയ സാരി ചുറ്റിയത് എന്ന് ഉഷാ ഉതുപ്പ് വ്യക്തമാക്കി. 85,000 രൂപയായിരുന്നു ആ സാരിയുടെ വില എന്നും ഗായിക കൂട്ടിച്ചേർത്തു.
നിശാക്ലബ്ബ് ഗായികയായാണ് ഉഷ ഉതുപ്പ് സംഗീതജീവിതം ആരംഭിച്ചത്. 1969ൽ ചെന്നൈയിലെ ‘നയൻ ജെംസ്’ എന്ന ക്ലബ്ബിൽ പാടിത്തുടങ്ങി. അവിടെനിന്നു കൊൽക്കത്തയിലെ ട്രിങ്കാസ് നൈറ്റ് ക്ലബ്ബിലേക്ക്. ഏറ്റവും കൂടുതൽ ഇംഗ്ലിഷ് ആൽബങ്ങൾ പാടിയ ഇന്ത്യൻ ഗായികയാണ് ഉഷ. ഒട്ടേറെ സിനിമകളിലും പാടി. ‘എന്റെ കേരളം എത്ര സുന്ദരം…’ എന്ന കേരള ടൂറിസത്തിന്റെ പ്രമോഷൻ ഗാനമാണ് ഉഷ ഉതുപ്പിനെ മലയാളികൾക്കിടയിൽ ജനകീയയാക്കിയത്. ‘പോത്തൻ വാവ’ എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം മുഴുനീള വേഷവും ഗായിക അഭിനയിച്ചിട്ടുണ്ട്.