സാംസ്കാരിക നായകനും പ്രശസ്ത ഗായകനുമായ സുബീൻ ഗാർഗിന്റെ മരണം അന്വേഷിക്കാൻ ഒരു ജുഡീഷ്യൽ കമ്മീഷൻ രൂപീകരിക്കണമെന്ന അസം സർക്കാരിന്റെ അഭ്യർത്ഥന ഗുവാഹത്തി ഹൈക്കോടതി അംഗീകരിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സൗമിത്ര സൈകിയയായിരിക്കും ജുഡീഷ്യൽ കമ്മീഷന്റെ അധ്യക്ഷൻ. മരണവുമായി ബന്ധപ്പെട്ട് ദുരൂഹമായ എന്തെങ്കിലും സംശയം ഉള്ളവർക്ക് ജുഡീഷ്യൽ കമ്മീഷനെ വിവരങ്ങൾ നൽകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുബീൻ ഗാർഗിന്റെ ഭാര്യ ഗരിമ സൈകിയ ഗാർഗ് ഇന്ന് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സുബീൻ ഗാർഗിന്റെ മരണത്തിന്റെ ആദ്യ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സിംഗപ്പൂർ അധികൃതരിൽ നിന്ന് സംസ്ഥാന സർക്കാരിന് ലഭിച്ചതായി ശർമ്മ പറഞ്ഞു. റിപ്പോർട്ട് ഗരിമ ഗാർഗിന് കൈമാറിയതായും ഗുവാഹത്തി മെഡിക്കൽ കോളേജിൽ നിന്നുള്ള രണ്ടാമത്തെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഉടൻ കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു.
സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ
ബാൻഡ് അംഗം ശേഖർ ജ്യോതി ഗോസ്വാമിയെയും സഹഗായകൻ അമൃത്പ്രവ മഹന്തയെയും ഇന്ന് ഗുവാഹത്തിയിലെ ഒരു ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ സിഐഡി ഹാജരാക്കി, തുടർന്ന് അവരെ 14 ദിവസത്തേക്ക് സിഐഡിയുടെ കസ്റ്റഡിയിൽ വിട്ടു.
സുബീൻ ഗാർഗിൻ്റെ മാനേജർ സിദ്ധാർത്ഥ ശർമ്മ, ശേഖർ ജ്യോതി ഗോസ്വാമി, അമൃതപ്രവ മഹന്ത എന്നിവരുടെ മൊഴികൾ എസ്ഐടി ഇന്ന് പരിശോധിക്കാൻ ആരംഭിച്ചതായി എസ്ഐടി വൃത്തങ്ങൾ അറിയിച്ചു.
അറസ്റ്റിലായ രണ്ട് പേരെ കൂടി 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. അവരെ ചോദ്യം ചെയ്തുവരികയാണ്, എന്താണ് സംഭവിച്ചതെന്ന് കൃത്യമായി കണ്ടെത്താൻ ശ്രമിക്കുകയാണ്. വിശദമായ അന്വേഷണം നടത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, അന്വേഷണം വേഗത്തിലാക്കിയിട്ടുണ്ട്,” എസ്‌ഐടി തലവനും അസമിന്റെ സ്‌പെഷ്യൽ ഡിജിപിയുമായ എംപി ഗുപ്ത മാധ്യമപ്രവർത്തകരോട് പറഞ്ഞു.