ന്യൂഡൽഹി: ഡൽഹിയിലെ ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിന്റെ ഡയറക്ടറായിരുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ (പാർഥസാരഥി) പൊലീസ് ഇട്ട എഫ്ഐആറിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. 17 ഓളം പെൺകുട്ടികളാണു സ്വാമിക്കെതിരെ പൊലീസിൽ പരാതി നൽകിയത്.
തുടർന്ന് എഫ്ഐആർ റജിസ്റ്റർ ചെയ്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചൈതന്യാനന്ദ സരസ്വതിയുടെ കൂടുതൽ ഹീനമായ പ്രവൃത്തികൾ പുറത്തായത്. പെൺകുട്ടികൾ താമസിച്ചിരുന്ന ഹോസ്റ്റലിന്റെ മുക്കിലും മൂലയിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. സുരക്ഷയുടെ പേരിലാണ് ക്യാമറ സ്ഥാപിച്ചതെങ്കിലും ശുചിമുറിയുടെ ഭാഗങ്ങളിലും ക്യാമറ ഒഴിവാക്കിയിരുന്നില്ല.
ക്യാമറയിലെ ദൃശ്യങ്ങൾ പതിവായി ചൈതന്യാനന്ദ ഫോണിലൂടെ കണ്ടു. ഒപ്പം കുട്ടികളോട് ശുചിമുറിയിൽ പോകുന്നതിനെ കുറിച്ച് ചോദിച്ചു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ കോണ്ടം ഉപയോഗിക്കാറുണ്ടോ എന്നീ ചോദ്യങ്ങളും പെൺകുട്ടികളോട് ചോദിച്ചു. രാത്രിയിൽ പെൺകുട്ടികൾക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുന്നതും പതിവാക്കിയിരുന്നു. ഹോളി ആഘോഷ വേളയിലും സ്വാമി അതിരുവിട്ട് പെരുമാറി.
വരിക്ക് നിർത്തിയ ശേഷം ചൈതന്യാനന്ദ പെൺകുട്ടികളുടെ മുഖത്തും മുടിയിലും നിറങ്ങൾ തേച്ചു. ഇതിനുശേഷം മാത്രമേ ആഘോഷങ്ങൾ ആരംഭിക്കാവൂ എന്നും നിർദേശം നൽകി. രാത്രികാലങ്ങളിൽ ചൈതന്യാനന്ദ സരസ്വതി താമസിച്ചിരുന്ന വസതിയിലേക്കും പെൺകുട്ടികളെ വിളിച്ചു വരുത്തുമായിരുന്നു. രാജ്യത്തിനകത്തും പുറത്തും ഒപ്പം യാത്ര ചെയ്യാനും പെൺകുട്ടികളെ നിർബന്ധിപ്പിച്ചു. ചൈതന്യാനന്ദ സരസ്വതിയുടെ ഇംഗിതങ്ങൾക്ക് വഴങ്ങാത്ത വിദ്യാർഥികൾ ഹാജർ നൽകാതിരിക്കുക, ഉയർന്ന ഫീസ് വാങ്ങുക തുടങ്ങി ഒട്ടേറെ ബുദ്ധിമുട്ടുകൾ സഹിച്ചിരുന്നു.