ന്യൂഡൽഹി: ബംഗ്ലദേശ് ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിന് മുന്നറിയിപ്പുമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഹസീനയുമായി ബന്ധപ്പെട്ട് ദി ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലദേശിന്റെ (ഐസിടി-ബിഡി) വിധി പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേയാണ് അനുയായികൾക്കായി ഹസീന ബംഗാളി ഭാഷയിൽ ഓഡിയോ പുറത്തിറക്കിയത്. ഇതിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ തെറ്റാണെന്നും പുറത്തുവരുന്ന വിധിയെ ശ്രദ്ധിക്കുന്നില്ലെന്നും ഹസീന പ്രതികരിച്ചു. തന്റെ പാർട്ടിയെ ഇല്ലായ്മ ചെയ്യാനാണ് ബംഗ്ലദേശിലെ ഇടക്കാല സർക്കാരിന്റെ ശ്രമമെന്നും എന്നാൽ അത് അവർ കരുതും പോലെ എളുപ്പമല്ലെന്നും ഓഡിയോ സന്ദേശത്തിൽ ഹസീന പറയുന്നു.
എന്റെ പാർട്ടി താഴേത്തട്ടിൽ നിന്നും വളർന്നു വന്നതാണ്, അല്ലാതെ അധികാര മോഹികളുടെ പോക്കറ്റിൽനിന്നും വന്നതല്ല. ഞാൻ ജീവിച്ചിരിപ്പുണ്ട്, വീണ്ടും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കും, ബംഗ്ലദേശിന്റെ മണ്ണിൽ ഞാൻ നീതി നടപ്പാക്കും…ഞാൻ എന്റെ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് തുടരും’ – ഓഡിയോ സന്ദേശത്തിൽ ഹസീന പറഞ്ഞു.
അതേസമയം ഈ വർഷം ഓഗസ്റ്റ് 3നാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ അനുമതി നൽകിയത്. ഹസീനയുടെ അഭാവത്തിലും കൂട്ടക്കൊല, പീഡനം തുടങ്ങി 5 കുറ്റകൃത്യങ്ങൾ ചുമത്തിയാണ് വിചാരണ നടന്നത്. വധശിക്ഷ വരെ കിട്ടാൻ സാധ്യതയുള്ള വകുപ്പുകളാണ് ഹസീനയ്ക്ക് എതിരെ ചുമത്തിയിട്ടുള്ളത്.
ജനകീയ പ്രക്ഷോപത്തെ തുടർന്ന് 2024 ഓഗസ്റ്റ് 5നാണ് അധികാരം ഉപേക്ഷിച്ച് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തത്. ഇതിനിടെ ‘ദ് വീക്ക് ’ വാരികയിൽ എഴുതിയ ലേഖനത്തിലും ഷെയ്ഖ് ഹസീന യൂനുസിനെതിരെ ആഞ്ഞടിച്ചിരുന്നു. ബംഗ്ലദേശിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുളള ഇടക്കാല സർക്കാർ രാജ്യത്തെ ജനാധിപത്യത്തിനും ബഹുസ്വരതയ്ക്കും കടുത്ത ഭീഷണിയാണെന്ന് ഷെയ്ഖ് ഹസീന കുറ്റപ്പെടുത്തിയിരുന്നു. യൂനുസിനെ ജനങ്ങൾ തിരഞ്ഞെടുത്തതല്ല. അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനാണെങ്കിലും അദ്ദേഹം രാഷ്ട്രീയക്കാരനോ ഭരണകർത്താവോ അല്ലെന്നും ഇടക്കാല സർക്കാരിനുമേൽ യൂനുസിന് ഒരു നിയന്ത്രണവും ഇല്ലെന്നും അവർ വാരികയിലൂടെ ആരോപിച്ചിരുന്നു.

















































