കൊച്ചി: കേരളം ഞങ്ങള്‍ക്കു മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളികള്‍ക്കുകൂടി അവകാശപ്പെട്ടതാണെന്നും വിവാദങ്ങളുണ്ടാക്കി അതിനെ പിന്നോട്ട് അടിക്കരുതെന്നും വ്യവസായ മന്ത്രി പി. രാജീവ്. കേരളം ലോകത്തിനുമുമ്പില്‍ ഇപ്പോള്‍ വിസിബിളാണ്. കാര്യങ്ങള്‍ നന്നായി പഠിക്കുന്നതുകൊണ്ടാണു തരൂര്‍ നല്ലതു പറഞ്ഞത്. അദ്ദേഹം പറഞ്ഞതു കേരത്തെക്കുറിച്ചാണ്. വിവാദങ്ങളില്‍നിന്നു വിട്ടുനില്‍ക്കണമെന്നും രാജീവ് പറഞ്ഞു.
2025 ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍ വച്ച് സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമം കേരളത്തിന്റെ വ്യവസായിക രംഗത്ത് വിപ്ലവകരമായ വിധത്തില്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കും. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസില്‍ രാജ്യത്തുതന്നെ ഒന്നാമതുള്ള കേരളം പല ലോകോത്തര കമ്പനികളുടെയും നിക്ഷേപകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് നിക്ഷേപക സംഗമം കടന്നുവരുന്നത് എന്നത് അനുകൂലഘടകമാണ്.
സമീപകാലങ്ങളിലായി നൂതന സാങ്കേതികവിദ്യകളില്‍ അധിഷ്ഠിതമായ വ്യവസായ മേഖലകളില്‍ കേരളത്തിലേക്ക് കടന്നുവരുന്ന വലിയ നിക്ഷേപങ്ങളും കേരളം ആഗോള കമ്പനികളുടെ ലക്ഷ്യസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ്.
ആഗോള നിക്ഷേപക സംഗമത്തിനായി മികച്ച മുന്നൊരുക്കങ്ങള്‍ സംസ്ഥാനം നടത്തുന്നുണ്ട്. ഇതിനോടകം 39 പ്രിപ്പറേറ്ററി പരിപാടികള്‍ സംഘടിപ്പിച്ചുകഴിഞ്ഞു. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി എന്നീ പ്രധാന നഗരങ്ങളില്‍ സംരംഭകരുമായി ഇന്റസ്ട്രിയല്‍ റോഡ് ഷോകള്‍ സംഘടിപ്പിച്ചു. ഇതിന് ശേഷം ഗള്‍ഫ് മേഖലയിലും റോഡ്‌ഷോ സംഘടിപ്പിച്ചു.
ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് മുന്നോടിയായി രാജ്യത്തെ ആദ്യ ഇന്റര്‍നാഷണല്‍ ജെന്‍ എ ഐ കോണ്‍ക്ലേവ്, കേരളത്തിലെ ആദ്യ ഇന്റര്‍നാഷണല്‍ റോബോട്ടിക്‌സ് റൗണ്ട് ടേബിള്‍ കോണ്‍ക്ലേവ്, മാരിടൈം ആന്റ് ലോജിസ്റ്റിക്‌സ് റൗണ്ട് ടേബിള്‍, ഫുഡ് ടെക് കോണ്‍ക്ലേവ്, ഇന്റര്‍നാഷണല്‍ ബയോടെക്‌നോളജി ആന്റ് ലൈഫ് സയന്‍സ് കോണ്‍ക്ലേവ്, വേസ്റ്റ് മാനേജ്‌മെന്റ് ആന്റ് റീസൈക്ലിങ്ങ് കോണ്‍ക്ലേവ്, ടൂറിസം കോണ്‍ക്ലേവ്, ഓട്ടോമോട്ടീവ് സമ്മിറ്റ്, വിഴിഞ്ഞം കോണ്‍ക്ലേവ്, അംബാസിഡേഴ്‌സ് മീറ്റ് തുടങ്ങി ബഹുഭൂരിപക്ഷം പരിപാടികളും നമ്മള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ദാവോസിലെ വേള്‍ഡ് എക്കണോമിക് ഫോറത്തിലുള്‍പ്പെടെ കേരളത്തിന് ലഭിച്ച പ്രശംസയും ലോകമാകെ കേരളത്തിന്റെ പേരുയര്‍ന്നു കേള്‍ക്കുന്നുവെന്നതും വലിയ പ്രതീക്ഷയാണ് ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ സൃഷ്ടിക്കുന്നത്. തീര്‍ച്ചയായും കേരളം ഇന്നേവരെ കാണാത്ത ചരിത്രസംഭവമായി ഈ ആഗോള നിക്ഷേപക സംഗമം മാറുമെന്നും രാജീവ് പറഞ്ഞു.