പയ്യോളി: അമ്മയുടെ ആൺസുഹൃത്ത് പന്ത്രണ്ടുകാരിയെ വർഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പയ്യോളി പോലീസ് പോക്സോ കേസെടുത്തു. വടകര കീഴൽ ബാങ്ക് റോഡിൽ ചങ്ങരോത്ത് അബ്ദുൾ റഫീഖിന്റെ (48) പേരിലാണ് കേസ്. വ്യവസായിയായ ഇയാൾ വിദേശത്താണുള്ളത്. അതേസമയം കുട്ടിയുടെ അമ്മയ്ക്കെതിരേയും പോക്സോ കേസ് ചുമത്തി.
പയ്യോളി പോലീസ് അന്വേഷിക്കുന്നതിനിടെ കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷനിൽ പെൺകുട്ടിയുടെ മാതാവ് വെള്ളിയാഴ്ച രാവിലെ ഹാജരായി. തുടർന്ന് പയ്യോളി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ അവരെ വൈകീട്ട് കോടതി റിമാൻഡ് ചെയ്തു. മാതാവിന്റെ സഹായത്തോടെയാണ് പീഡനം നടന്നതെന്ന് കേസ് അന്വേഷിക്കുന്ന പയ്യോളി പോലീസ് ഇൻസ്പെക്ടർ പി. ജിതേഷ് പറഞ്ഞു.
നിലവിൽ കുട്ടി കോഴിക്കോട് സി.ഡബ്ല്യു.സി. സംരക്ഷണയിലാണ്. ജനുവരി 17-ന് സ്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് പെൺകുട്ടി ഞെട്ടിക്കുന്ന വിവരം പറയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ വിവരം പോലീസിന് കൈമാറി. രണ്ടരവർഷമായി പീഡനം നടന്നുവരുന്നതായി പറയുന്നു. വിദേശത്ത് വ്യവസായിയായ അബ്ദുൾ റഫീഖ് ഇടയ്ക്കിടെ നാട്ടിൽവരാറുണ്ട്. ഇത്തവണ ജനുവരി ആദ്യവാരം വിദേശത്തേക്ക് തിരിച്ചുപോയി. പെൺകുട്ടിയുടെ പിതാവ് വിദേശത്താണുള്ളത്. അതേസമയം പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായി പോലീസ് പറഞ്ഞു.













































