കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രണ്ടാംഘട്ട കുറ്റപത്രം സമർപ്പിച്ചു. എറണാകുളം പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സിപിഎം തൃശ്ശൂർ മുൻ ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, മുൻ മന്ത്രി എ.സി. മൊയ്തീൻ, കെ. രാധാകൃഷ്ണൻ എംപി എന്നിവർക്കുപുറമേ സിപിഎമ്മിനെയും പ്രതിചേർത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പ്രതികള്‍ തട്ടിപ്പിലൂടെ 180 കോടി രൂപ സമ്പാദിച്ചെന്നാണ് ഇ.ഡി ആരോപിക്കുന്നത്. 128 കോടി രൂപ പ്രതികളിൽനിന്ന് കണ്ടുകെട്ടിയിരുന്നു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത് സിപിഎമ്മിനെ ആശങ്കയിലാക്കിയിട്ടുണ്ട്. കൂടുതൽ സിപിഎം നേതാക്കൾ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടതിന് പുറമേ സിപിഎമ്മും പ്രതിപ്പട്ടികയിലെത്തിയത് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
സിപിഎം തൃശ്ശൂർ മുൻ ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, മുൻ മന്ത്രി എ.സി. മൊയ്ദീൻ, കെ. രാധാകൃഷ്ണൻ എംപി എന്നിവരെ ചോദ്യംചെയ്തതിന് പിന്നാലെയാണ് കുറ്റപത്രം സമർപ്പിച്ചത്.