തിരുവനന്തപുരം: തന്നെയും കെ. ഉണ്ണികൃഷ്ണൻ എംഎൽഎയെയും ചേർത്തുവച്ചുള്ള പ്രചാരണത്തിന് പിന്നിൽ കോൺഗ്രസും യുഡിഎഫുമാണെന്ന സിപിഎം വനിതാ നേതാവ് കെ.ജെ. ഷൈനിന്റെ ആരോപണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇത്തരമൊരു പ്രചാരണം എങ്ങനെ പുറത്തായെന്നത് സിപിഎം തന്നെ അന്വേഷിക്കുന്നതായിരിക്കും നല്ലതെന്ന് പറഞ്ഞ സതീശൻ കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎയുടെ പ്രസ്താവനയുടെ വരികളിൽ തന്നെ ഇക്കാര്യങ്ങളുണ്ടെന്നും പറഞ്ഞു. നിയമസഭയ്ക്ക് മുന്നിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
തന്നെയും കെ. ഉണ്ണികൃഷ്ണൻ എംഎൽഎയെയും ചേർത്തുവച്ചുള്ള പ്രചാരണത്തിന് പിന്നിൽ കോൺഗ്രസും യുഡിഎഫുമാണെന്ന് കെ.ജെ. ഷൈൻ ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അറിയാതെ ഇത്തരമൊരു പ്രചാരണം നടക്കില്ലെന്നും അവർ ആരോപിച്ചു. ഇതിനു മറുപടിയായി ഇതുപോലത്തെ ഏത് കേസുണ്ടെങ്കിലും എന്തിനാണ് തന്റെ നെഞ്ചത്തേക്ക് കയറുന്നതെന്ന് മനസിലാകുന്നില്ലെന്നും സതീശൻ പറഞ്ഞു.
‘ഇത്തരമൊരു കേസ് എങ്ങനെയാണ് ആദ്യം പുറത്ത് വന്നതെന്ന് സിപിഎം അന്വേഷിക്കട്ടെ. കോൺഗ്രസുകാർക്കെതിരെ ഒരു മാസമായിട്ട് സിപിഎം ഹാൻഡിലുകൾ വ്യാപകമായി പ്രചാരണം നടത്തിയപ്പോൾ ഈ മാന്യതയൊന്നും കണ്ടിരുന്നില്ല. അപ്പോൾ കോൺഗ്രസ് ഹാൻഡിലുകളിലും പ്രചാരണമുണ്ടാകും. കോൺഗ്രസ് നേതാക്കൾക്കെതിരെ ഈ കാര്യങ്ങളൊക്കെ വച്ച് പ്രചാരണം നടത്തിയപ്പോൾ മനുഷ്യാവകാശവും സ്ത്രീസംരക്ഷവുമൊന്നും ഉണ്ടായില്ല’ സതീശൻ പറഞ്ഞു.
‘അതുപോലെ ഇത് എങ്ങനെയാണ് പുറത്ത് പോയതെന്ന് കെ.എൻ. ഉണ്ണികൃഷ്ണന്റെ പ്രസ്താവനയുടെ വരികളിലുണ്ട്. കോൺഗ്രസ് ആസൂത്രിതമായല്ല ഇത് നടത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. എന്നിട്ടിപ്പോൾ അദ്ദേഹത്തെ വേട്ടയാടുകയാണ്. എങ്ങനെയാണ് വാർത്ത പുറത്ത് പോയതെന്ന് സിപിഎം അന്വേഷിക്കുന്നതായിരിക്കും നല്ലത്’ സതീശൻ കുട്ടിച്ചേർത്തു.
അയ്യപ്പ സംഗമത്തിന്റെ ബോർഡിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വാസവനുമാണ് നിറഞ്ഞ് നിൽക്കുന്നതെന്നും അയ്യപ്പനില്ലെന്നും സതീശൻ പരിഹസിച്ചു. ‘അയ്യപ്പ സംഗമത്തിന്റെ ബോർഡിൽ അയ്യപ്പനുമില്ല ദേവസ്വം ബോർഡ് പ്രസിഡന്റുമില്ല. പിണറായി വിജയനും വാസവനും മാത്രമാണ് ബോർഡിലുള്ളത്.
ഇതുവരെ പറഞ്ഞിരുന്നത് ദേവസ്വം ബോർഡാണ് പരിപാടി നടത്തുന്നതെന്നാണ്. എന്നാൽ ദേവസ്വം ബോർഡ് പ്രസിഡന്റിനെ ഫുഡ് കമ്മിറ്റി അധ്യക്ഷനായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ നാടകം ജനങ്ങളെല്ലാം തിരിച്ചറിയും. ശബരിമല അയ്യപ്പന്റെ സ്വർണം അടിച്ചുമാറ്റിയത് വിശദീകരിക്കാതെ അയ്യപ്പ സംഗമത്തിന് പോകരുതെന്നാണ് ഞങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.