കണ്ണൂർ: സംഘപരിവാർ അധികാരത്തിലെത്തിയാൽ സമൂഹം ഛിന്നഭിന്നമാകുമെന്നും ബിജെപിക്ക് നൽകുന്ന ഓരോവോട്ടും കേരളത്തനിമയെ തകർക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻസ്മാരക മന്ദിരത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓണനാളിൽ ഒരു സംഘപരിവാറുകാരൻ അയച്ച സന്ദേശം കാണാനിടയായി.
അതിൽ മഹാവിഷ്ണുവിന് താഴെ വാമനൻ നിൽക്കുന്നു. വാമനന്റെ കാൽക്കൽ മഹാബലി നിൽക്കുന്നു. ഓണത്തിന് നമ്മൾ മഹാബലിയെ ഓർക്കുമ്പോൾ ആർഎസ്എസ് വാമനനെയാണ് ഓർക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ അയ്യപ്പനൊപ്പം വാവർക്കും പ്രധാന സ്ഥാനമുണ്ട്. ഒരു മുസ്‌ലിമിന് അങ്ങനെ സ്ഥാനം നൽകുന്നത് സംഘപരിവാറിനെ ചൊടിപ്പിക്കുന്നതാണ്. ഇതിന്റ ഭാഗമായി വാവർ മറ്റൊരു പേരുകാരനാണെന്നും സമൂഹത്തിന് കൊള്ളാത്തവനായിരുന്നെന്നും ചിത്രീകരിക്കാനാണ് അവർ ശ്രമിക്കുന്നത് -അദ്ദേഹം പറഞ്ഞു.തദ്ദേശതിരഞ്ഞെടുപ്പിൽ ബിജെപിക്ക് 25 ശതമാനം വോട്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷവും ലഭിക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വാക്കുകൾ കേരളീയസമൂഹം ശ്രദ്ധിക്കേണ്ടതുണ്ട്.
അത് സിപിഎമ്മോ എൽഡിഎഫോ മാത്രം ശ്രദ്ധിക്കേണ്ട കാര്യമല്ല. ആർഎസ്എസ് പ്രത്യയശാസ്ത്രം നാട് ഭരിക്കാൻ തുടങ്ങിയാൽ നമ്മുടെ സമൂഹത്തിന് ഇങ്ങനെ നിൽക്കാനാകില്ല. ഇപ്പോൾ നമുക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, ഇഷ്ടമുള്ള ആരാധനാലയത്തിൽ പോകാം, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം. സംഘപരിവാറിന് മേധാവിത്വമുള്ളിടത്ത് അടുക്കളയിൽ ഭക്ഷണം പരതിയാണ് ആളെ ആക്രമിക്കുന്നതും കൊലപ്പെടുത്തുന്നതും. വസ്ത്രധാരണം നോക്കിയാണ് ആക്രമണം.
ജാതിഭേദവും മതദ്വേഷവുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാക്കി മാറ്റാനാണ് ശ്രീനാരായണഗുരു അടക്കമുള്ള നവോത്ഥാനനായകർ ശ്രമിച്ചത്. അതെല്ലാം തകർക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത് -മുഖ്യമന്ത്രി പറഞ്ഞു.