മുംബൈ: ഇന്ത്യൻ പ്രിമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റനെന്ന നിലയിൽ, ഇന്ത്യൻ ടീമിൽ തിരിച്ചെത്താനുള്ള സുവർണാവസരമാണ് ഋഷഭ് പന്തിനു മുന്നിലുള്ളതെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇത്തവണത്തെ ഐപിഎല്ലിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനായാൽ പന്തിന് ഇന്ത്യൻ ട്വന്റി 20 ടീമിലെ നഷ്ടമായ സ്ഥാനം വീണ്ടെടുക്കാനാകുമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു. ഇനി സഞ്ജു സാംസണിനോട് മത്സരിക്കേണ്ട കാര്യമില്ലെന്നും, ഓപ്പണിങ് ഒഴിവാക്കി മധ്യനിരയിൽ കളിച്ചുതെളിഞ്ഞാൽ ഇന്ത്യൻ ടീമിൽ തിരിച്ചെത്താനാകുമെന്നും ചോപ്ര കൂട്ടിച്ചേർത്തു.
കാനഡയെ നയിക്കാൻ മാർക്ക് കാർണിക്കൊപ്പം ഇന്ത്യൻ വംശജരായ രണ്ട് വനിതകൾകൂടി
‘‘ഋഷഭ് പന്തിനെ സംബന്ധിച്ച് ഏറ്റവും മികച്ച അവസരമാണ് ഈ ഐപിഎൽ സീസൺ. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് അറിയാമോ? നിലവിൽ ഇന്ത്യൻ ട്വന്റി20 ടീമിൽ പന്ത് അംഗമല്ല. അവരുടെ വിദൂര പദ്ധതികളിൽപ്പോലും ഇപ്പോൾ പന്തുണ്ടെന്ന് തോന്നുന്നില്ല. ഇത്രയും നല്ലൊരു കളിക്കാരന് എന്തുകൊണ്ടാണ് ഇന്ത്യൻ ട്വന്റി20 ടീമിൽ ഇടം കിട്ടാത്തതെന്നാണ് ആളുകൾ അദ്ഭുതപ്പെടുന്നത്. ഇത് എന്തായാലും പന്തിന്റെ സീസണാണെന്ന് എനിക്ക് ഉറപ്പാണ്. സധൈര്യം മുന്നോട്ടുവന്ന് റൺസ് വാരിക്കൂട്ടുക. എല്ലാവരും ഞെട്ടട്ടെ. ടീമിലെത്തിയാലും ഏതു പൊസിഷനിലാകും പന്ത് ബാറ്റു ചെയ്യുക എന്നതാകും ചോദ്യം. വിക്കറ്റ് കീപ്പർമാർ പൊതുവെ ഓപ്പണർമാരായതിനാൽ പന്തിനെയും ഓപ്പണറാക്കണം എന്ന രീതിയിൽ ചർച്ചകളുണ്ടാകും. സത്യത്തിൽ പന്ത് സഞ്ജുവുമായി മത്സരിക്കേണ്ട കാര്യമില്ല. സ്വാഭാവികമായ രീതിയിൽ ടീമിൽ ഇടം കണ്ടെത്താനാണ് പന്ത് ശ്രമിക്കേണ്ടത്.
‘‘നിലവിലെ സാഹചര്യത്തിൽ മൂന്നാം നമ്പറിനോ നാലാം നമ്പറിനോ മുൻപോ ബാറ്റിങ്ങിന് ഇറങ്ങേണ്ട കാര്യമില്ല. മികച്ച തുടക്കം ലഭിക്കുകയാണെങ്കിൽ വൺഡൗണായി ഇറങ്ങാം. അല്ലെങ്കിൽ എല്ലാ ഇടംകയ്യൻമാരെയും നാല്, അഞ്ച്, ആറ് നമ്പറുകളിൽ ഇറക്കി അടിച്ചുതകർക്കുക’ – ചോപ്ര പറഞ്ഞു.
“ഞാൻ എന്താണ് കഴിച്ചതെന്നോ, ഡൽഹിയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചോലെ ബട്ടൂര കിട്ടുന്ന സ്ഥലത്തെക്കുറിച്ചോ അല്ല ഒരു സ്പോർട്സ് ചാനലുകളിലെ ക്രിക്കറ്റ് സംബന്ധമായ പരിപാടികളിൽ ചർച്ച ചെയ്യേണ്ടത്”
ഇത്തവണ ഐപിഎൽ താരലേലത്തിൽ 27 കോടി രൂപയ്ക്കാണ് ലക്നൗ സൂപ്പർ ജയന്റ്സ് പന്തിനെ സ്വന്തമാക്കിയത്. 21 കോടി രൂപയ്ക്ക് ടീമിൽ നിലനിർത്തിയ നിക്കോളാസ് പുരാനെ മറികടന്ന്, പന്ത് ലക്നൗ ടീമിന്റെ നായകനായും നിയമിതനായിരുന്നു. ഇന്ത്യൻ പ്രിമിയർ ലീഗിന്റെ 17 വർഷത്തെ ചരിത്രത്തിൽ, നാലാം നമ്പറിലും അഞ്ചാം നമ്പറിലും ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള താരമാണ് പന്ത്. രോഹിത് ശർമ, എം.എസ്. ധോണി, എ.ബി. ഡിവില്ലിയേഴ്സ്, ദിനേഷ് കാർത്തിക് എന്നിവർ മാത്രമാണ് ഈ സ്ഥാനങ്ങളിൽ ബാറ്റു ചെയ്ത് പന്തിനേക്കാൾ കൂടുതൽ റൺസ് നേടിയിട്ടുള്ളതെന്ന് ചോപ്ര ചൂണ്ടിക്കാട്ടി. അതേസമയം അടുത്ത വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യൻ ടീമിൽ കാതലായ മാറ്റങ്ങൾ വന്നേക്കാമെന്നും ചോപ്ര സൂചിപ്പിച്ചു.
‘‘പന്ത് രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കണം. ഒന്നാമത്, ടീമിനെ ശക്തമായിത്തന്നെ മുന്നോട്ടു കൊണ്ടുപോകണം. അപ്പോൾ ക്യാപ്റ്റനെന്ന നിലയിൽ കൂടുതൽ പരിഗണന ലഭിക്കും. രണ്ടാമത്, കൂടുതൽ റൺസ് നേടാനായാൽ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് എളുപ്പമാകും. ഇപ്പോഴത്തെ ഇന്ത്യൻ ട്വന്റി20 ടീം അടുത്ത വർഷം നടക്കുന്ന ലോകകപ്പിൽ അതേപടി തുടരുമെന്ന് ഞാൻ കരുതുന്നില്ല. ട്വന്റി20 ടീം തിരഞ്ഞെടുപ്പ് കൂടുതൽ ഊർജിതമാകും’ – ചോപ്ര പറഞ്ഞു.
ഐപിഎലിൽ ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലുമുള്ള പന്തിന്റെ പ്രകടനം, ടീമിലേക്കുള്ള തിരിച്ചുവരവിൽ പ്രധാനമാകുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു. ‘‘ആരൊക്കെയാണ് ഇന്ത്യൻ ട്വന്റി20 ടീമിൽ തുടരുക, ആരെക്കെയാണ് പുറത്താവുക എന്നതെല്ലാം ഇത്തവണത്തെ ഐപിഎൽ സീസണിനെ അടിസ്ഥാനമാക്കിയായിരിക്കും. അതുകൊണ്ട് ഈ സീസൺ ഋഷഭ് പന്തിനെ സംബന്ധിച്ച് വലിയൊരു അവസരം തന്നെയാണ്. പുതിയൊരു ടീമിനെ നയിക്കുമ്പോൾ ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും പന്തിന്റെ പ്രകടനം ശ്രദ്ധയോടെ വീക്ഷിക്കപ്പെടും’ – ചോപ്ര പറഞ്ഞു.