മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷെരിഫുൽ ഇസ്‌ലാം ഷെഹ്സാദ് തന്നെയെന്നു പോലീസ്. വിരലടയാള പരിശോധനയിൽ പരാജയപ്പെട്ടന്ന വാർത്തകൾ പുറത്തുവന്നുവെങ്കിലും മുഖം തിരിച്ചറിയൽ പരിശോധനയിലൂടെ പ്രതി ഷെഹ്സാദാണെന്നു സ്ഥിരീകരിച്ചതായി പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുമായി ഒത്തു നോക്കിയായിരുന്നു ശാസ്ത്രീയ പരിശോധന.
പ്രതി നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മാത്രമല്ല ഷെഹ്സാദിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നു പോലീസ് പറഞ്ഞു. ശാസ്ത്രീയ പരിശോധനകൾ പുരോഗമിക്കുകയാണ്. കൊൽക്കത്തയിൽ കുറച്ചുനാൾ താമസിച്ചതിന്റെ വിവരങ്ങൾ അടക്കം, ഷെരിഫുല്ലിനെതിരെ ഒട്ടേറെ തെളിവുകൾ ലഭിച്ചു. പ്രതിക്ക് സിം കാർഡ് നൽകിയതുമായി ബന്ധപ്പെട്ട് ബംഗാൾ സ്വദേശിനിയെ അറസ്റ്റ് ചെയ്തെന്നും പോലീസ് പറഞ്ഞു.
അതേസമയം സെയ്ഫിനു കുത്തേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്നയാൾ പെട്ടെന്ന് റിക്കവറായി വീട്ടിലെത്തിയതും ഇൻഷുറൻസിന് അപേക്ഷിച്ച് മണിക്കൂറുകൾക്കുള്ളിൽ കാഷ്‍ലെസായി 25 ലക്ഷം രൂപ അനുവദിച്ചതും ഏറെ വിവാദമായിരുന്നു. സെലിബ്രിറ്റികൾക്കു മുൻഗണനയുണ്ടെന്ന ആരോപണങ്ങൾ ശരിയെന്നു തെളിയിക്കുന്നതാണു നടപടിയെന്നും ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ഇക്കാര്യം അന്വേഷിക്കണമെന്നും ഡോക്ടർമാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് മെഡിക്കൽ കൺസൾട്ടന്റ്സ് (എഎംസി) ആവശ്യപ്പെട്ടു.