ശബരിമല: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം മുൻ പ്രസിഡൻറ് എ പത്മകുമാറിനെതിരായ കുരുക്ക് മുറുകുന്നു. പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സർവ സ്വാതന്ത്ര്യവുവും നൽകിയിരുന്നതായി ജീവനക്കാരുടെ മൊഴി. കൂടാതെ പോറ്റിയുടെ ബന്ധുക്കളും അതിഥികളും ഉപയോഗിച്ചിരുന്നത് ദേവസ്വം പ്രസിഡൻറിൻറെ മുറിയാണെന്നും ഇവർ മൊഴി നൽകി. പൂജാ ബുക്കിംഗിലും പ്രത്യേക പരിഗണന ലഭിച്ചിരുന്നതായും ജീവനക്കാർ.
അതേസമയം ശാസ്ത്രീയ പരിശോധനയ്ക്കായി സന്നിധാനത്തെ സ്വർണപ്പാളികളുടെ സാമ്പിൾ ഇന്ന് ശേഖരിക്കും. കൂടാതെ ശബരിമല സ്വർണക്കൊളളയിൽ സംസ്ഥാന പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. എഫ്ഐആർ, അനുബന്ധ മൊഴികൾ തുടങ്ങിയ രേഖകളുടെ പകർപ്പാണ് തേടിയിരിക്കുന്നത്. ഈ ആവശ്യമുന്നയിച്ച് റാന്നി കോടതിയിൽ നൽകിയ അപേക്ഷ തളളിയതോടെയാണ് കേന്ദ്ര ഏജൻസി ഹൈക്കോടതിയിൽ എത്തിയത്. ശബരിമല സ്വർണക്കൊളളയിൽ കളളപ്പണ ഇടപാട് നടന്നതായി സംശയിക്കുന്നെന്നും വിശദമായ അന്വേഷണത്തിന് കേസുകളുടെ രേഖകളും വിശദാംശങ്ങളും വേണമെന്നുമാണ് ആവശ്യം.
















































