തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ നിർണായക നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം. ഡിണ്ടിഗലിലെ വ്യവസായി ഡി.മണിയെയും സുഹൃത്ത് ബാലമുരുകനെയും ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ എസ്‌ഐടി ചോദ്യം ചെയ്യൽ തുടരുന്നു. എഡിജിപി എച്ച്. വെങ്കടേഷ് എസ്‌ഐടി ഓഫിസിൽ എത്തിയാണു ചോദ്യം ചെയ്യുന്നത്. അതുപോലെ ബാലമുരുകന്റെ ഭാര്യയും എസ്‌ഐടി ഓഫിസിൽ എത്തിയിട്ടുണ്ട്.
ഡിണ്ടിഗലിൽ എത്തിയ അന്വേഷണ സംഘം നേരത്തെ ഡി. മണിയുടെ മൊഴി എടുത്തിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റി ഉൾപ്പെടെ ആരെയും അറിയില്ലെന്നും ശബരിമലയിൽ പോയിട്ടുണ്ടെന്നുമാണ് മണി പറഞ്ഞിരുന്നത്. എന്നാൽ എസ്‌ഐടി ഇതു വിശ്വാസത്തിലെടുത്തിട്ടില്ല. ഇതേത്തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടത്.
അതുപോലെ ഡി. മണി തിരുവനന്തപുരത്ത് എത്തിയതും പത്മനാഭസ്വാമി ക്ഷേത്രത്തിൽ പോയതും ഉൾപ്പെടെ അന്വേഷിക്കുന്നുണ്ട്. ഡി. മണി ഉൾപ്പെടുന്ന സംഘം പഞ്ചലോഹ വിഗ്രഹങ്ങൾ ഉൾപ്പെടെ കടത്തിയിട്ടുണ്ടെന്നും തിരുവനന്തപുരത്തു വച്ചാണ് പണം കൈമാറിയതെന്നും പ്രവാസി വ്യവസായിയുടെ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് അന്വേഷണം പുരാവസ്തുക്കടത്തു കേന്ദ്രീകരിച്ചു പുരോഗമിക്കുന്നത്.



















































